

യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിൽ നടക്കുന്ന യുദ്ധ സാഹചര്യങ്ങൾക്കിടെ ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ ഇന്ത്യൻ ബാഡ്മിന്‍റൺ ഇതിഹാസം പി.വി. സിന്ധു നാട്ടിൽ തിരിച്ചെത്തി. ബംഗളൂരുവിലെ തന്‍റെ വീട്ടിൽ സുരക്ഷിതയായി എത്തിയ വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
ബർമിംഗ്ഹാമിൽ നടക്കുന്ന ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ഫെബ്രുവരി 28 ശനിയാഴ്ച സിന്ധു ദുബായിൽ കുടുങ്ങിയത്. ഇറാനുമായുള്ള യുദ്ധം രൂക്ഷമായതോടെ ഗൾഫ് മേഖലയിലെ വ്യോമപാതകൾ അടച്ചതാണ് സിന്ധുവിന്‍റെ യാത്ര തടസപ്പെടുത്തിയത്.
താമസിച്ചിരുന്ന സ്ഥലത്തിന് തൊട്ടടുത്ത് സ്ഫോടനം നടന്നത് കടുത്ത ഭീതിയുണ്ടാക്കിയെന്ന് സിന്ധു വെളിപ്പെടുത്തി. തുടർന്ന് ഇന്ത്യൻ ഹൈക്കമ്മീഷന്‍റെയും ദുബായ് വിമാനത്താവള അധികൃതരുടെയും സഹായത്തോടെ താരത്തെയും സംഘത്തെയും സുരക്ഷിതമായ ഇടത്തേക്ക് മാറ്റുകയായിരുന്നു.
ഇന്ന് ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിലെ ആദ്യ റൗണ്ടിൽ തായ്‌ലൻഡിന്റെ സുപനിദ കേതതോങ്ങുമായിട്ടായിരുന്നു സിന്ധുവിന്‍റെ മത്സരം. എന്നാൽ യാത്ര തുടരാനാകാത്ത സാഹചര്യത്തിൽ സിന്ധു ടൂർണമെന്‍റിൽ നിന്ന് പിന്മാറി. സിന്ധുവിന്‍റെ അഭാവത്തിൽ ലക്ഷ്യ സെൻ, ആയുഷ് ഷെട്ടി എന്നിവരായിരിക്കും ഇന്ത്യൻ ടീമിനെ നയിക്കുക. ഇവർ നേരത്തെ ബർമിംഗ്ഹാമിൽ എത്തിയിരുന്നു.
Content Highlights: PV Sindhu returns home safely after harrowing Dubai ordeal as Middle East crisis