ഈ സീനൊക്കെ ഏട്ടൻ പണ്ടേ വിട്ടതാണ് മോനെ; വൈറലായി വർഷങ്ങൾക്ക് മുൻപ് മോഹൻലാല്‍ ചെയ്ത സ്റ്റണ്ട്

കാണികൾക്ക് മുന്നിൽ സൈക്കിളിൽ സിംഗിൾ ഷോട്ടിൽ മോഹൻലാൽ ചെയ്യുന്ന ഒരു സ്റ്റണ്ട് സീനാണ് വീണ്ടും വൈറലായിരിക്കുന്നത്

dot image

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ തുടരുമിന് പിന്നാലെ ചിത്രത്തിലെ മോഹൻലാലിന്റെ ജംപ് വളരെയധികം ചർച്ചയായിരുന്നു. മോഹൻലാലിന്റെ മെയ്‌വഴക്കത്തെയും ആക്ഷൻ സീനുകളിലെ പ്രകടനത്തെയും നിരൂപകരടക്കം പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ നടന്റെ പഴയ ഒരു ചിത്രത്തിലെ സീൻ വൈറലായിരിക്കുകയാണ്.

1991 ൽ പുറത്തിറങ്ങിയ വിഷ്ണുലോകം എന്ന സിനിമയിലെ സീനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചിത്രത്തിൽ ഒരു തെരുവ് സർക്കസ് സംഘത്തിലെ അംഗമാണ് മോഹൻലാൽ. കാണികൾക്ക് മുന്നിൽ സൈക്കിളിൽ സിംഗിൾ ഷോട്ടിൽ മോഹൻലാൽ ചെയ്യുന്ന ഒരു സ്റ്റണ്ട് സീനാണ് വൈറലായിരിക്കുന്നത്. സൈക്കിൾ ചവിട്ടുന്നതിനോടൊപ്പം തീ വളയത്തിന്റെ ഉള്ളിൽ കൂടി ബാലൻസ് ചെയ്തു പോകുന്ന മോഹൻലാലിനെയാണ് സീനിൽ കാണാനാകുന്നത്.

ടി എ റസാഖിന്റെ തിരക്കഥയിൽ കമൽ ആയിരുന്നു വിഷ്ണുലോകം സംവിധാനം ചെയ്തത്. ഉർവശി, ശാന്തി കൃഷ്ണ, മുരളി, ബാലൻ കെ നായർ, സുകുമാരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് രവീന്ദ്രനാണ്, പശ്ചാത്തല സംഗീതം നൽകിയത് ജോൺസൺ ആണ്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഇന്ന് വലിയ ഹിറ്റാണ്. സനൽ കുമാർ, ജി സുരേഷ് കുമാർ ചേർന്നായിരുന്നു സിനിമ നിർമിച്ചത്.

അതേസമയം, മോഹൻലാലിന്റേതായി ഒടുവിലിറങ്ങിയ തുടരും ആഗോളതലത്തിൽ 230 കോടിയിലധികം രൂപയാണ് നേടിയിട്ടുള്ളത്. കേരളത്തിൽ നിന്ന് മാത്രം 100 കോടിയിലധികമാണ് സിനിമയുടെ കളക്ഷൻ. കേരളാ ബോക്സ് ഓഫീസിൽ നിന്ന് 100 കോടി കളക്ട് ചെയ്യുന്ന ആദ്യ മലയാളം സിനിമ കൂടിയാണ് തുടരും. ഈ മാസം 30 മുതലാണ് തുടരും ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാകും.

Content Highlights: mohanlal stunt from Vishnulokam goes viral

dot image
To advertise here,contact us
dot image