'നിങ്ങളൊരു വലിയ നടനാണ്'; ജോജു ജോർജിനോട് അസൂയ തോന്നിപ്പിച്ച മലയാള സിനിമയെ കുറിച്ച് കമൽ ഹാസൻ

'പുതുതായി അഭിനയിക്കാൻ വരുന്നവർ പോലും എനിക്ക് എതിരാളി എന്ന് വിചാരിക്കുന്ന ആളാണ് ഞാൻ,'

dot image

മലയാളത്തിനപ്പുറം മറ്റു സിനിമാ ഇൻഡസ്ട്രയികളിലും പേരുണ്ടാക്കുകയാണ് മലയാള താരങ്ങൾ. തമിഴിലെ സൂപ്പർ സ്റ്റാർ ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ മലയാള താരങ്ങൾ തിളങ്ങുന്നത് അടുത്തിടെ പതിവ് കാഴ്ചയാണ്. റെട്രോ സിനിമയ്ക്ക് ശേഷം മണിരത്‌നം സംവിധാനത്തിലെത്തുന്ന തഗ് ലൈഫിൽ ജോജു ജോർജ് എത്തുകയാണ്. സിനിമയുടെ ഓഡിയോ ലോഞ്ചിൽ കമൽ ഹാസൻ ജോജുവിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ് ഇപ്പോൾ. ഇരട്ടയിലെ ജോജുവിന്റെ പ്രകടനം തന്നിൽ അസൂയ ഉണ്ടാക്കിയെന്നും ജോജു അസാധ്യ നടനാണെന്നും കമൽ പറഞ്ഞു. കമലിന്റെ വാക്കുകളിൽ വിതുമ്പുന്ന ജോജുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഇപ്പോൾ.

'എനിക്ക് ആദ്യം ജോജു എന്ന നടനെ അറിയില്ലായിരുന്നു. ആദ്യമായാണ് അയാളെക്കുറിച്ച് കേൾക്കുന്നത്. ഏതൊക്കെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് അറിയാൻ ഞാൻ അദ്ദേഹത്തിന്റെ സിനിമകൾ കണ്ടു. ഇരട്ട എന്നൊരു സിനിമയുണ്ട്. ഞാൻ എന്റെ കരിയറിൽ ഏകദേശം 30 സിനിമകളിൽ ഇരട്ട വേഷം ചെയ്തിട്ടുണ്ട്. പലതിലും വ്യത്യസ്തമായി മൂക്കും, കാതും മാറ്റി വേറെ ഗെറ്റപ്പിലാണ് ചെയ്തത്. മൈക്കൾ മദന കാമരാജ് എന്ന സിനിമയുടെ അവസാനത്തിലാണ് ഒരേ വേഷത്തിൽ വന്നത്. അതുമാത്രമേ വലിയ പെരുമയിൽ എനിക്ക് പറയാൻ സാധിക്കുകയുള്ളൂ.

Also Read:

എന്നാൽ തന്റെ ആരംഭകാലത്തിൽ തന്നെ ഇരട്ട വേഷത്തിൽ ജോജു അഭിനയിച്ചു. എനിക്ക് കണ്ടപ്പോൾ അസൂയ തോന്നി. കാരണം ഒരേ ഗെറ്റപ്പിൽ വന്നിട്ട് പോലും കഥാപാത്രങ്ങളെ വ്യത്യസ്തമായി മനസിലാക്കാൻ എനിക്ക് സാധിച്ചു. ഒരൊറ്റ പൊലീസ് സ്റ്റേഷനിലുള്ളിലാണ് ആ കഥ പ്രധാനമായും നടക്കുന്നത് എന്ന് കൂടി ആലോചിക്കണം. ജോജു നിങ്ങൾ ഒരു വലിയ നടനാണ്. പുതുതായി അഭിനയിക്കാൻ വരുന്നവർ പോലും എനിക്ക് എതിരാളി എന്ന് വിചാരിക്കുന്ന ആളാണ് ഞാൻ. പക്ഷെ അവരെ വരവേൽക്കേണ്ടത് എന്റെ കടമയാണെന്നും ഞാൻ കരുതുന്നു. നമ്മൾ എല്ലാരും ആ കടമ ചെയ്യണം,' കമൽ ഹാസൻ പറഞ്ഞു.

അതേസമയം തഗ് ലെെഫിന്‍റെ ട്രെയ്‌ലർ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച അഭിപ്രായമാണ് ട്രെയ്‌ലറിന് ലഭിച്ചത്. ട്രെയ്‌ലർ പുറത്തിറങ്ങിയതിന് പിന്നാലെ മണിരത്‌നത്തിന്റെ സംവിധാനമികവും കമൽഹാസൻ, എസ്ടിആർ എന്നിവരുടെ കിടിലൻ പെർഫോമൻസും എ ആർ റഹ്മാന്റെ സംഗീതവും രവി കെ ചന്ദ്രന്റെ ഛായാഗ്രഹണവും ഉൾപ്പെടെ എല്ലാ മേഖലകൾക്കും പ്രശംസ ലഭിക്കുന്നുണ്ട്. എല്ലാ മേഖലകളും ഒരുപോലെ GOAT ലെവലിലാണെന്നാണ് പലരും കമന്റ് ചെയ്യുന്നത്. ജൂൺ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 45 മിനിട്ടാണ് സിനിമയുടെ നീളം. തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Content Highlights: Kamal Haasan praises Joju at the audio launch of the movie Thug Life

dot image
To advertise here,contact us
dot image