
പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഹേര ഫേരി 3' എന്ന സിനിമയിൽ നിന്ന് ബോളിവുഡ് നടൻ പരേഷ് റാവൽ പിന്മാറിയെന്ന വാർത്തകൾ ബോളിവുഡിൽ വലിയ ചർച്ചകൾക്ക് ഇടവച്ചിരിക്കുകയാണ്. നടൻ സിനിമയിൽ നിന്ന് പിന്മാറിയതിനെ പിന്നാലെ അക്ഷയ് കുമാറിന്റെ നിര്‍മാണക്കമ്പനി 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയക്കുകയുമുണ്ടായി. ഇപ്പോഴിതാ ചിത്രത്തിലഭിനയിക്കാനായി പരേഷ് റാവൽ അഡ്വാൻസ് ആയി വാങ്ങിയ പൈസ തിരിച്ച് നൽകിയെന്നാണ് പുതിയ റിപ്പോർട്ട്.
പ്രതിഫലത്തിൽ അഡ്വാൻസ് ആയി ലഭിച്ച 11 ലക്ഷം രൂപയാണ് പരേഷ് റാവൽ തിരിച്ചുനൽകിയത്. ഒപ്പം 15 ശതമാനം പലിശയും നടൻ അഡ്വാൻസിനൊപ്പം നൽകി. ചിത്രത്തിലഭിനയിക്കാൻ 15 കോടി രൂപയ്ക്കാണ് പരേഷ് റാവൽ കരാർ ഒപ്പിട്ടത്. ഇതിൽ പതിനൊന്ന് ലക്ഷം അഡ്വാൻസ് ആയി കൈപ്പറ്റുകയും ചെയ്‌തു. ബാക്കി തുകയായ 14.90 കോടി റിലീസിന് ഒരു മാസത്തിന് ശേഷം നൽകാമെന്നായിരുന്നു കരാർ. 2025 ജനുവരി 30-ന് തന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെ ഈ സിനിമയുടെ ഭാഗമാകുന്നതായി പരേഷ് റാവൽ പരസ്യമായി അറിയിച്ചിരുന്നു. 2025 ഏപ്രിൽ മൂന്നിനാണ് പരേഷ് റാവൽ, അക്ഷയ് കുമാർ, സുനിൽ ഷെട്ടി എന്നിവരുൾപ്പെടുന്ന ടീസർ ചിത്രീകരണം നടന്നത്.
ടീസർ ഉൾപ്പടെയുള്ളവയ്ക്ക് പണം ചെലവഴിച്ചതിന് ശേഷമാണ് അവ്യക്തമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി റാവൽ പെട്ടെന്ന് സിനിമയിൽ നിന്ന് പിന്മാറാൻ ശ്രമിച്ചത്. തുടർന്നാണ് പരേഷ് റാവലിന് അക്ഷയ് കുമാറിന്റെ നിര്‍മാണക്കമ്പനി 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചത്. ബോളിവുഡിൽ ഏറെ ആരാധകരുള്ള ഫ്രാഞ്ചൈസിയാണ് 'ഹേര ഫേരി'. മലയാളത്തിലെ എവർക്ലാസ്സിക് ചിത്രമായ റാഞ്ചിറാവു സ്പീക്കിംഗിനെ അടിസ്ഥാനമാക്കി ഒരുങ്ങിയ ഹേര ഫേരി എന്ന സിനിമയിലൂടെയാണ് ഈ ഫ്രാഞ്ചൈസി ആരംഭിച്ചത്. ഈ അടുത്താണ് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടായത്.
Content Highlights: Paresh Rawal returns Rs. 11 lakhs with 15% interest after exiting Hera Pheri 3