
ബ്രഹ്മാണ്ഡ ചിത്രം 'കെജിഎഫി'ന്‍റെ സംഗീത സംവിധായകൻ രവി ബസ്രൂറിനെ 'മാർക്കോ'യിലൂടെ മലയാളത്തിൽ അവതരിപ്പിച്ച ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സും ഷെരീഫ് മുഹമ്മദും വീണ്ടും ഞെട്ടിക്കാനൊരുങ്ങുന്നു. 'കാന്താര'യുടെ സംഗീത സംവിധായകൻ ബി. അജനീഷ് ലോക്നാഥ്, ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ രണ്ടാമത്തെ സിനിമയായ 'കാട്ടാളനി'ലൂടെ തന്‍റെ മലയാളത്തിലെ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. കാട്ടാളന്‍റെ വേട്ടയ്ക്കൊപ്പം അജനീഷ് ലോക്നാഥ് ഉണ്ടാകുമെന്ന് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അറിയിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ.
'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘കാട്ടാളനി’ൽ ആന്‍റണി വർഗീസ് പെപ്പെയാണ് നായകൻ. കൂടാതെ വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമയുടേതായി പുറത്തിറങ്ങിയ മനുഷ്യനും കാട്ടാനയും തമ്മിലുള്ള ശക്തമായ ഒരു സംഘട്ടനത്തെ സൂചിപ്പിക്കുന്ന പോസ്റ്റർ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ കൂടി ജോയിൻ ചെയ്യുന്നതോടെ പ്രേക്ഷകർ ഏറെ ആകാംക്ഷയിലാണ്.
'ശിശിര' എന്ന കന്നഡ ചിത്രത്തിലൂടെ 2009-ൽ സിനിമാരംഗത്തെത്തിയ അജനീഷ് ഇതിനകം അകിര, കിരിക് പാർട്ടി, ബെൽബോട്ടം, അവനെ ശ്രീമൻ നാരായണ, ദിയ, വിക്രാന്ത് റോണ, കാന്താര, ഗന്ധാഡ ഗുഡി, കൈവ, യുവ, ബഗീര തുടങ്ങിയ കന്നഡ സിനിമകളിലും കുരങ്ങു ബൊമ്മൈ, റിച്ചി, നിമിർ, മഹാരാജ തുടങ്ങിയ തമിഴ് സിനിമകളിലും ഏതാനും തെലുങ്ക് സിനിമകളിലും ശ്രദ്ധേയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. ആഗോള തലത്തിൽ തരംഗമായി മാറിയ 'കാന്താര'യിലെ സംഗീതം വലിയ രീതിയിൽ ജനശ്രദ്ധ നേടുകയുണ്ടായി. റിലീസിനായി ഒരുങ്ങുന്ന 'കാന്താര ചാപ്റ്റർ 2'വിനും സംഗീതമൊരുക്കുന്നത് അജനീഷാണ്. 'കാന്താര ചാപ്റ്റർ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്.
നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ "ആന്‍റണി വർഗ്ഗീസ്" എന്ന പേരിൽ തന്നെയാണ് എത്തുന്നതെന്ന പ്രത്യേകത കൂടി മുൻ പോസ്റ്ററുകളിൽ പങ്കുവെച്ചിരുന്നു. മലയാള സിനിമയിലേക്ക് ഒരുപിടി കഴിവുറ്റ കലാകാരന്മാർക്ക് അവസരം നൽകുക മാത്രമല്ല മറ്റു ഭാഷ ചിത്രങ്ങൾ പോലെ നമ്മുടെ സിനിമകളെ വേറൊരു തലത്തിൽ എത്തിക്കാൻ പോന്ന സാങ്കേതിക മികവും, പ്രൊഡക്ഷൻ ക്വാളിറ്റിയും നൽകി കൊണ്ട് 'മാർക്കോ' പോലെയോ അതിനേക്കാൾ ഉയരത്തിലോ ഇനിയും വിജയങ്ങൾ കൊയ്തെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്. മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിൽ നിന്നുമായി പ്രഗത്ഭരായ സാങ്കേതിക വിഭാഗം ഈ ചിത്രത്തിനായി ഒരുങ്ങുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. എന്തായാലും അടുത്ത അപ്ഡേറ്റഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ ആതിര ദിൽജിത്ത്.
Content Highlights: Music Director Ajaneesh Loknath joins in the team of Kattalan Movie