തുർക്കിക്ക് 10 കോടി സഹായം,തെറ്റായ മഹാമനസ്കതയെക്കുറിച്ച് കേരള സർക്കാർ ചിന്തിക്കുമെന്ന് പ്രതീക്ഷ;വിമർശിച്ച് തരൂർ

കേരള സർക്കാരിനെ വിമർശിച്ച് ശശി തരൂർ എംപി

dot image

കൊച്ചി: കേരള സർക്കാരിനെ വിമർശിച്ച് ശശി തരൂർ എംപി. 2023-ലെ ഭൂകമ്പത്തിൽ തുർക്കിക്ക് 10 കോടി സഹായം നൽകിയ കേരള സർക്കാരിനെ വിമർശിച്ചുകൊണ്ടാണ് ശശി തരൂരിന്റെ എക്സ് പോസ്റ്റ്. രണ്ട് വർഷത്തിന് ശേഷം തുർക്കിയുടെ പെരുമാറ്റം കണ്ട കേരള സർക്കാർ തെറ്റായ മഹാമനസ്കതയെക്കുറിച്ച് ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വയനാടൻ ജനതയെ പോലെ ദുരിതമനുഭവിക്കുന്നവർക്ക് ആ തുക ഉപയോഗിക്കാമായിരുന്നുവെന്നുമാണ് ശശി തരൂരിൻ്റെ പോസ്റ്റ്. ഇന്ത്യ-പാക് സംഘർഷത്തിൽ പാകിസ്താനെ തുർക്കി പിന്തുണച്ച പശ്ചാത്തലത്തിൽ കൂടിയാണ് വിമർശനം.

2023-ൽ തുർക്കിക്ക് 10 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചുകൊണ്ടുള്ള കേരള സർക്കാർ പ്രഖ്യാപനത്തെക്കുറിച്ചുള്ള എൻഡിടിവിയുടെ വാർത്തയും തരൂർ പങ്കുവെച്ചിട്ടുണ്ട്. ഫെബ്രുവരി 8-ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് 10 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. "ലോകബോധത്തെ ഞെട്ടിച്ച തുർക്കിയിലെ ഭൂകമ്പം പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുകയും ലക്ഷക്കണക്കിന് ആളുകളെ നിരാലംബരാക്കുകയും ചെയ്തു," എന്ന് അന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞിരുന്നു.

പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താന്റെ നിലപാടുകളെ തുർക്കി പിന്തുണച്ചത് ഇന്ത്യയും തുർക്കിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു. തുർക്കി നിർമിത ഡ്രോണുകൾ ഉപയോഗിച്ചാണ് ഇന്ത്യയ്‌ക്കെതിരെ പാകിസ്താൻ ആക്രമണശ്രമം നടത്തിയത്. തുർക്കി നിർമിത വസ്തുക്കളും ബേക്കറി ഉൽപന്നങ്ങളും നിരോധിച്ച് ഇന്ത്യയിലെ വ്യാപാരി സമൂഹം മറുപടിയും നൽകിയിരുന്നു.

പാകിസ്താന് പരസ്യപിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ തുർക്കിയിലേയ്ക്കുള്ള യാത്രകൾ ഇന്ത്യൻ വിനോദസഞ്ചാരികൾ ബഹിഷ്കരിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ തുർക്കിയുടെ ടൂറിസം മേഖല വലിയ പ്രതിസന്ധി നേരിടുന്നതായാണ് വിവരം.

Content Highlights: Shashi Tharoor criticizes Kerala government for providing Rs 10 crore aid to Turkey

dot image
To advertise here,contact us
dot image