പേമാരിയും ഇടിമിന്നലും; ആല്‍മരത്തിലിരുന്ന നൂറോളം തത്തകള്‍ ജീവനറ്റ് നിലത്ത് വീണു; 30 തത്തകള്‍ക്ക് പരിക്ക്

ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിനടുത്തുള്ള വലിയ ആല്‍മരത്തില്‍ ധാരാളം തത്തകള്‍ വസിച്ചിരുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു

dot image

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ത്സാന്‍സി ജില്ലയില്‍ ഉണ്ടായ ശക്തമായ കൊടുങ്കാറ്റിലും ആലിപ്പഴ വര്‍ഷത്തിലും നൂറിലധികം തത്തകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. ഇന്ന് രാവിലെ ബാമോര്‍ ബ്ലോക്കിലെ സിംഗര്‍ ഗ്രാമത്തിലാണ് നിരവധി തത്തകള്‍ ചത്തത്. ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിനടുത്തുള്ള വലിയ ആല്‍മരത്തില്‍ ധാരാളം തത്തകള്‍ വസിച്ചിരുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു.

പെട്ടെന്നുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും നിരവധി തത്തകള്‍ രക്ഷപ്പെടാനായി പറന്നു പോകവെ തമ്മിലടിച്ചും മരത്തിന്‌റെ ശാഖകളിലിടിച്ചും മരണം സംഭവിച്ചതാകാമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. അപകടം നടന്നയുടൻ തന്നെ വനംവകുപ്പിനെ വിവരമറിയിക്കുകയും ഒരു സംഘം ഉദ്യോഗസ്ഥര്‍ എത്തി ഉടന്‍ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ മുപ്പതോളം തത്തകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ തത്തകളെ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്. നൂറിലധികം ചത്ത തത്തകളെ പോസ്റ്റ്‌മോര്‍ട്ടത്തിനായും മാറ്റി.

പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ തത്തകളെ വലിയ രീതിയില്‍ ബാധിക്കുമെന്ന് വിദഗ്ദര്‍ പറയുന്നു. വെറ്ററിനറി മെഡിക്കല്‍ ഓഫീസര്‍ ഡോ. സത്യേന്ദ്ര രജ്പുത് പറയുന്നതനുസരിച്ച്, 'വലിയ മരങ്ങളില്‍ വലിയ കൂട്ടമായാണ് തത്തകള്‍ വസിക്കുന്നത്. ബുധനാഴ്ച രാത്രി ശക്തമായ കൊടുങ്കാറ്റുണ്ടായതിനാല്‍ അവ പരസ്പരം ഇടിച്ചിരിക്കാം, ചിലത് മരക്കൊമ്പുകളില്‍ ഇടിച്ചിരിക്കാം, അതാണ് മരണത്തിലേക്ക് നയിച്ചത്. പ്രദേശത്ത് തുടര്‍ച്ചയായ ഉയര്‍ന്ന താപനില കാരണം, തത്തകള്‍ക്ക് ഇതിനോടകം തന്നെ പ്രതിരോധശേഷി കുറവായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ.

content highlights: Jhansi: Over 100 Parrots Die Due to Massive Storm in Uttar Pradesh

dot image
To advertise here,contact us
dot image