മൈക്കിള്‍ ജാക്‌സന്റെ ജീവിതം വെള്ളിത്തിരയിലെത്തുന്നത് ഇനിയും വൈകും; 'മൈക്കിള്‍' റിലീസ് നീട്ടി

ചിത്രത്തില്‍ മൈക്കിള്‍ ജാക്‌സന്റെ സ്വന്തം അനന്തരവനായ ജാഫര്‍ ജാക്‌സനാണ് മുഖ്യ വേഷത്തിലെത്തുന്നത്

dot image

പോപ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ ബയോപിക് വെള്ളിത്തിരയിലെത്താന്‍ ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ട്. മൈക്കിള്‍ ജാക്‌സന്റെ ജീവിതത്തെ ആസ്പദമാക്കി പ്രശസ്ത അമേരിക്കന്‍ ഫിലിം മേക്കര്‍ അന്റോയിന്‍ ഫുക്വ സംവിധാനം ചെയ്യുന്ന 'മൈക്കിള്‍' സിനിമയുടെ റിലീസ് തിയതി 2026ലേക്ക് നീട്ടിയിരിക്കുകയാണ്. ബൊഹീമിയന്‍ റാപ്സഡിയുടെ ഗ്രഹാം കിംഗ് നിര്‍മിക്കുന്ന സിനിമ ഏറെ വിവാദങ്ങള്‍ക്കും റീ ഷൂട്ടുകള്‍ക്കും ഇടയായിരുന്നു. ഇതാണ് സിനിമയുടെ റിലീസ് വൈകാനുള്ള കാരണം.

ചിത്രത്തില്‍ മൈക്കിള്‍ ജാക്‌സന്റെ സ്വന്തം അനന്തരവനായ ജാഫര്‍ ജാക്‌സനാണ് മുഖ്യ വേഷത്തിലെത്തുന്നത്. കോള്‍മാന്‍ ഡൊമിംഗോയും നിയ ലോങ്ങും മൈക്കിളിന്റെ മാതാപിതാക്കളായ ജോ, കാതറിന്‍ ജാക്‌സണ്‍ എന്നിവരെ അവതരിപ്പിക്കുന്നു. മൈല്‍സ് ടെല്ലര്‍ ജാക്സന്റെ അഭിഭാഷകനും ഉപദേശകനുമായ ജോണ്‍ ബ്രാങ്കിനെ അവതരിപ്പിക്കുന്നു.

ഈ വര്‍ഷം തുടക്കത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാണം ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടിരുന്നു. 1993ല്‍ 13 വയസ്സുള്ള ജോര്‍ദാന്‍ ചാന്‍ഡ്ലറെ ലൈംഗികമായി പീഡിപ്പിച്ചതായി അന്തരിച്ച മൈക്കിള്‍ ജാക്‌സനെതിരെ കുറ്റം ചുമത്തിയിരുന്നു. ഈ കേസ് കോടതിക്ക് പുറത്ത് 25 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഒത്തുതീര്‍പ്പില്‍ അവസാനിച്ചു. എങ്കിലും ജോര്‍ദാന്‍ ചാന്‍ഡ്ലറെ ഒരുതരത്തിലും സിനിമയില്‍ പരാമര്‍ശിക്കരുതെന്ന വ്യവസ്ഥയുമുണ്ടായി. ഇതേതുടര്‍ന്ന് ഉയര്‍ന്നുവന്ന ആരോപണങ്ങളും വിവാദങ്ങളുമാണ് സിനിമയുടെ ചിത്രീകരണം വൈകിപ്പിച്ചത്.

വിവാദങ്ങള്‍ക്കിടയിലും ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോഴും ട്രാക്കില്‍ തന്നെ തുടരുകയാണെന്ന് ചിത്രവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഏറെ കാത്തിരിക്കുന്ന മൈക്കിള്‍ ജാക്‌സന്റെ ബയോപിക് 2026 ഏപ്രിലോടെ തിയേറ്ററിലെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlights: Michael Jackson's biopic likely to release in 2026 due to reshoots: Report

dot image
To advertise here,contact us
dot image