കാനില്‍ വീണ്ടും ഇന്ത്യയ്ക്ക് അഭിമാനം; 9 മിനിറ്റ് നിലയ്ക്കാത്ത കയ്യടി, കണ്ണീരണിഞ്ഞ് കരണ്‍ ജോഹറും സംഘവും

2015ല്‍ ഇറങ്ങിയ മസാന് ശേഷം നീരജ് ഗയ്‌വാന്‍ ഒരുക്കുന്ന ചിത്രമാണിത്

dot image

വിഖ്യാതമായ കാന്‍ ചലച്ചിത്രമേളയില്‍ വീണ്ടുമൊരു ഇന്ത്യന്‍ ചിത്രം അഭിമാനമായി മാറിയിരിക്കുകയാണ്. നീരജ് ഗയ്‌വാന്‍ സംവിധാനം ചെയ്ത ഹോംബൗണ്ട് എന്ന സിനിമ കാനിലെ പ്രീമിയറിന് ശേഷം നിറഞ്ഞ കയ്യടികള്‍ ഏറ്റുവാങ്ങിയിരിക്കുകയാണ്.

സിനിമ കണ്ട പ്രേക്ഷകരെല്ലാം എഴുന്നേറ്റ് നിന്ന് ഒമ്പത് മിനിറ്റോളമാണ് അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ചുകൊണ്ട് നിറുത്താതെ കയ്യടിച്ചത്. കാനില്‍ സ്റ്റാന്‍ഡിങ് ഒവേഷന്‍ ലഭിക്കുക എന്നത് ഒരു സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.

ഹോം ബൗണ്ടിന്റെ സംവിധായകനൊപ്പം നിര്‍മാതാവ് കരണ്‍ ജോഹറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇഷാന്‍ ഖട്ടറും ജാന്‍വി കപൂറഉം വിശാല്‍ ജെത്‌വയും സിനിമയുടെ പ്രീമിയറിന് എത്തിയിരുന്നു. ഏവരും ആനന്ദക്കണ്ണീരോടെയാണ് പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയത്. വികാരാധീനരായി പരസ്പരം കെട്ടിപ്പിടിക്കുന്ന അണിയറപ്രവര്‍ത്തകരുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സാണ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവെച്ചത്.

കരണ്‍ ജോഹറിനൊപ്പം അദാര്‍ പൂനവാല, അപൂര്‍ മെഹ്ത, സോമന്‍ മിശ്ര എന്നിവര്‍ ചേര്‍ന്നാണ് ഹോംബൗണ്ട് നിര്‍മിച്ചിരിക്കുന്നത്. ലോകപ്രശസ്ത ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോസെസിയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

മസാന്‍, ജ്യൂസ്, സേക്രട്ട് ഗെയിംസ് സീസണ്‍ 2, അജീബ് ദാസ്താന്‍സിലെ ഗീലി പുച്ചി, മെയ്ഡ് ഇന്‍ ഹെവനിലെ 2 എപ്പിസോഡുകള്‍ എന്നിങ്ങനെ സിനിമയിലും ഷോര്‍ട്ട് ഫിലിമിലും വെബ് സീരിസിലുമായി ജനപ്രിയമായ വര്‍ക്കുകള്‍ ചെയ്ത് സംവിധായകനാണ് നീരജ് ഗയ്‌വാന്‍.

2015ല്‍ ഇറങ്ങിയ മസാന് ശേഷം അദ്ദേഹമൊരുക്കുന്ന ഫീച്ചര്‍ ഫിലിം എന്നതാണ് ഹോംബൗണ്ടിനെ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാക്കുന്നത്. മസാന്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രമാണെന്നും നീരജിന്റെ അടുത്ത ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നുമായിരുന്നു മാര്‍ട്ടിന്‍ സ്‌കോസസെയുടെ വാക്കുകള്‍.

ഫെസ്റ്റിവല്‍ റണ്ണിന് ശേഷമായിരിക്കും ഹോംബൗണ്ട് തിയേറ്ററുകളിലെത്തുക. രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Homebound movie gets standing ovation of 9 minutes at Cannes, Karan Johar gest emotional

dot image
To advertise here,contact us
dot image