
കമൽ ഹാസൻ നായകനാകുന്ന തഗ് ലൈഫ് എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കമലും സംഘവും കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു. ഈ വേളയിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ കുറിച്ച് കമൽ ഹാസൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും പേരിനൊപ്പം തന്റെ പോരും ചേർത്തുവെക്കുന്നതിൽ ഏറെ അഭിമാനിക്കുന്നു എന്നാണ് കമൽ ഹാസൻ പറഞ്ഞത്.
'ലാൽസാറും മമ്മുട്ടിയും കമൽ ഹാസനും ഒന്നാകുന്നതെങ്ങനെയാണ്? ഞങ്ങൾ ഒരു ജോലി ചെയ്യുന്നവരാണ്. എന്നാൽ ഓരോരുത്തരും മികച്ച കലാകാരന്മാരാണ്. ആ കലാകാരന്മാരുടെ പേരിനൊപ്പം ഞാൻ എന്റെ പേരും ചേർത്തു. എനിക്ക് അതിൽ അഭിമാനമുണ്ട്,' എന്ന് കമൽഹാസൻ പറഞ്ഞു.
മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലായിരുന്നു തഗ് ലൈഫ് ടീം കേരളത്തിലെത്തിയതും. മോഹൻലാലിനെ വിളിച്ച് പിറന്നാൾ ആശംസകൾ നേർന്നതായും കമൽ ഈ വേദിയിൽ വെച്ച് പറഞ്ഞിരുന്നു. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തെക്കുറിച്ച് രണ്ടു വാക്ക് പറയുവാൻ മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ഞാൻ ഇങ്ങോട്ട് വരുന്നതിന് മുന്നേ അദ്ദേഹവുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തെ ഞാൻ അളിയാ എന്ന് ഏറെ സന്തോഷത്തോടെയാണ് വിളിച്ചത്. അദ്ദേഹം എന്റെ 'അളിയൻ' ആണെന്ന് അറിയില്ലായിരുന്നു. എനിക്ക് അദ്ദേഹം സഹോദരനെ പോലെയാണ്. അളിയനായി പോയല്ലോ എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹത്തിന് ആശംസകളും നേർന്നു,' എന്നായിരുന്നു കമൽഹാസന്റെ വാക്കുകൾ.
അതേസമയം കമൽഹാസന്റെ പുതിയ ചിത്രമായ തഗ് ലൈഫ് ജൂൺ അഞ്ചിന് റിലീസിന് ഒരുങ്ങുകയാണ്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോർജ്, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
Content Highlights: Kamal Haasan's words about Mohanlal and Mammootty goes viral