

പിത്തോരഗഡ്: ചരിത്രപ്രസിദ്ധമായ ജൗൽജിബി മേളയുടെ ഉദ്ഘാടന വേദിയിൽ പ്രസംഗിക്കാൻ അവസരം നൽകിയില്ലെന്ന് ആരോപിച്ച് കോൺഗ്രസ് എംഎൽഎയുടെ കടുത്ത പ്രതിഷേധം. എംഎൽഎയായ ഹരീഷ് സിംഗ് ധാമിയാണ് വേദിയിലെ മൈക്ക് വലിച്ചെറിയുകയും സൗണ്ട് സ്റ്റാഫിനോട് കയർക്കുകയും ചെയ്തത്. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പങ്കെടുത്ത വേദിയിൽ നടന്ന നാടകീയ സംഭവങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ കാളി, ഗോരി നദികളുടെ സംഗമസ്ഥാനത്ത് നടക്കുന്ന ജൗൽജിബി മേള ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി എത്തിയത്. മേളയുടെ അധ്യക്ഷനായിരുന്നിട്ടും മുഖ്യമന്ത്രി വേദിയിലുള്ളപ്പോൾ തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്നാണ് കോൺഗ്രസ് എംഎൽഎയുടെ പരാതി. പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെയാണ് വേദിയിലുണ്ടായിരുന്ന എംഎൽഎയും അനുഭാവികളും ചേർന്ന് പ്രതിഷേധിച്ചത്.
മുഖ്യമന്ത്രി മടങ്ങിയ ശേഷം സംസാരിക്കാൻ ശ്രമിച്ചപ്പോൾ തന്റെ മൈക്ക് ഓഫാക്കിയെന്നാണ് ഹരീഷ് സിംഗ് ധാമിയുടെ ആരോപണം. "മുഖ്യമന്ത്രി സംസാരിച്ച് മടങ്ങിയ ശേഷം ഞാൻ മൈക്ക് എടുത്തു സംസാരിക്കാൻ തുടങ്ങി. അപ്പോഴാണ് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും സമ്മർദ്ദത്തെ തുടർന്ന് സൗണ്ട് സിസ്റ്റം ഓഫാക്കിയത്. ഇത് ന്യായമാണോ? ധാരാചുലയെ പ്രതിനിധീകരിക്കുന്ന എംഎൽഎ എന്ന നിലയിൽ എനിക്ക് സംസാരിക്കാൻ അവകാശമില്ലേ?" അദ്ദേഹം ചോദിച്ചു.
തന്റെ മണ്ഡലത്തിലെ വികസന പ്രശ്നങ്ങളും റോഡുകളുടെ ശോചനീയാവസ്ഥയും ചൂണ്ടിക്കാണിക്കാനാണ് താൻ ശ്രമിച്ചതെന്ന് എംഎൽഎ പറഞ്ഞു. കഴിഞ്ഞ തവണ പ്രഖ്യാപിച്ച വികസന പദ്ധതികൾ എവിടെയെന്നും അദ്ദേഹം ചോദിച്ചു. മൈക്ക് വലിച്ചെറിഞ്ഞ എംഎൽഎയും അനുഭാവികളും വേദിയിലെ കസേരകളും മറ്റ് ഉപകരണങ്ങളും വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊലീസ് എത്തിയാണ് പിന്നീട് രംഗം ശാന്തമാക്കിയത്.
Harish Dhami angrily hit the sound system operators, claiming his microphone had been cut off while he was speaking, and knocked over the podium on stageHarsh criticism of Congress MLA Harish Dhami’s conduct https://t.co/QLrsxYoQzm
— Panchayat Circle (@PanchayatCircle) November 15, 2026
സംഭവത്തിന് പിന്നാലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയെ 'ഭീരു' എന്ന് വിളിച്ച കോൺഗ്രസ് എംഎൽഎ, അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ തന്റെ മണ്ഡലത്തിൽ മത്സരിക്കാൻ വെല്ലുവിളിക്കുകയും ചെയ്തു. "എനിക്ക് ഭയപ്പെടാനോ തലകുനിക്കാനോ അറിയില്ല. എനിക്ക് തെറ്റുപറ്റിയാൽ ഞാൻ ക്ഷമ ചോദിക്കും. അതുകൊണ്ടാണ് ഞാൻ മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിക്കുന്നത്. അദ്ദേഹത്തിന് ധൈര്യമുണ്ടെങ്കിൽ 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ധാരാചുലയിൽ നിന്ന് മത്സരിക്കട്ടെ," അദ്ദേഹം വെല്ലുവിളിച്ചു. പാർട്ടി അനുവദിച്ചാൽ മുഖ്യമന്ത്രി മത്സരിക്കുന്ന ഏത് മണ്ഡലത്തിലും പോയി മത്സരിച്ച് അദ്ദേഹത്തെ പരാജയപ്പെടുത്താൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളോടുള്ള ആവേശത്തിൽ തനിക്ക് ചിലപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നും അതിൽ മണ്ഡലത്തിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് എംഎൽഎക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. കഴിഞ്ഞ അഞ്ച് വർഷമായി സ്വന്തം മണ്ഡലത്തിൽ യാതൊരു വികസന പ്രവർത്തനങ്ങളും നടത്താത്ത എംഎൽഎ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയം കൊണ്ടാണ് ഇത്തരം പ്രവർത്തികൾ കാണിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. ഒരു പൊതുവേദിയിലെ ഇത്തരം പെരുമാറ്റം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ബിജെപി വ്യക്തമാക്കി.
അതേസമയം, എംഎൽഎയെ പിന്തുണച്ച് കോൺഗ്രസും രംഗത്തെത്തി. പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രി ഒരു മണ്ഡലത്തിൽ വരുമ്പോൾ അവിടുത്തെ ജനപ്രതിനിധിക്ക് സംസാരിക്കാൻ അവസരം നൽകേണ്ടതാണെന്നും, എന്നാൽ സംഘാടകരും മുഖ്യമന്ത്രിയും ഈ പ്രോട്ടോക്കോൾ ലംഘിച്ചുവെന്നും കോൺഗ്രസ് വക്താവ് ഗരിമ ദസൗനി ആരോപിച്ചു.
Content Highlights: Congress MLA Harish Singh Dhami protested after being denied an opportunity to speak at the Jauljibi Mela inauguration attended by Uttarakhand CM Pushkar Singh Dhami. A video of the incident has gone viral.