
2025 ന്റെ ആദ്യപകുതി പൂർത്തിയായിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിലേത് എന്ന പോലെ വിവിധ ഭാഷകളിലായി നിരവധി വമ്പൻ റിലീസുകൾ ഈ വർഷത്തിന്റെ ആദ്യപകുതിയിലുമെത്തി. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലായി വിവിധ ഭാഷകളിലെ റിലീസുകളിലൂടെ 3691 കോടി രൂപ ഇന്ത്യൻ ബോക്സ് ഓഫീസിലേക്ക് എത്തിയതായാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ഇന്ത്യൻ ബോക്സ് ഓഫീസിലേക്കെത്തിയ വരുമാനത്തിന് 19 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്. ഈ വർഷത്തെ ഇന്ത്യൻ ബോക്സ് ഓഫീസ് റവന്യൂവിൽ 39 ശതമാനവും ബോളിവുഡിൽ നിന്നുള്ളതാണ്. 22 ശതമാനം ഷെയർ തെലുങ്ക് ഇൻഡസ്ട്രിയിൽ നിന്നുള്ളതും.
ഓര്‍മാക്സ് മീഡിയയുടെ കണക്കുകൾ പ്രകാരം ഈ വർഷം മലയാളം സിനിമയ്ക്ക് മികച്ച കുതിപ്പുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. മൂന്നാം സ്ഥാനത്തുള്ള തമിഴ് ഇൻഡസ്ട്രിയെക്കാൾ നാല് ശതമാനത്തിന്റെ വ്യത്യാസം മാത്രമാണ് ഇക്കുറി മലയാളത്തിനുള്ളത്. 17 ശതമാനമാണ് തമിഴകത്തിനുള്ളതെങ്കിൽ മലയാളം ഇൻഡസ്ട്രിക്ക് 13 ശതമാനം ഷെയറുണ്ട്.
മാത്രമല്ല കഴിഞ്ഞ വർഷത്തേക്കാളും ഇന്ത്യൻ ബോക്സ് ഓഫീസിൽ മലയാള സിനിമയുടെ ഷെയർ വർധിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. പ്രേമലുവും മഞ്ഞുമ്മൽ ബോയ്സും ഉൾപ്പടെയുള്ള സിനിമകൾ അന്യഭാഷകളിൽ മികച്ച പ്രതികരണം നേടിയ വർഷമായിരുന്നു 2024. എന്നാൽ 2024 ല്‍ മലയാളത്തിന്റെ ഷെയർ 10 ശതമാനം മാത്രമായിരുന്നു. മോഹൻലാൽ നായകനായ എമ്പുരാൻ, തുടരും എന്നീ സിനിമകളുടെ ബോക്സ് ഓഫീസ് പ്രകടനം മലയാളം ഇൻഡസ്ട്രിയുടെ ഷെയറിൽ വലിയ ഗുണം ചെയ്തിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Content Highlights: This year's Indian box office collection report