ലാലേട്ടന്റെ കാരവാന് ചുറ്റും ഇപ്പോൾ ബോളിവുഡിൽ നിന്നുള്ള നിർമ്മാതാക്കൾ ആണെന്നാണ് അറിഞ്ഞത്: ഷറഫുദ്ദീൻ

'500 കോടി ഗ്രോസ് ആണ് ഈ വർഷം മലയാളത്തിൽ നിന്നും ലാലേട്ടൻ അടിച്ചെടുത്തത്'

dot image

ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് മലയാളത്തിന്റെ മോഹൻലാൽ. ഈ വർഷം പുറത്തിറങ്ങിയ രണ്ട് സിനിമകളിൽ നിന്ന് മാത്രം 500 കോടിക്കടുത്ത് കളക്ഷനാണ് മോഹൻലാൽ നേടിയത്. ഇതിൽ രണ്ട് 200 കോടി സിനിമകളും ഉൾപ്പെടും. ഇപ്പോഴിതാ മോഹൻലാലിനെക്കുറിച്ച് നടൻ ഷറഫുദ്ദീൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

'500 കോടി ഗ്രോസ് ആണ് ഈ വർഷം മലയാളത്തിൽ നിന്നും ലാലേട്ടൻ അടിച്ചെടുത്തത്. അതിനി അടുത്തെന്നും ആരും മറികടക്കുമെന്ന് തോന്നുന്നില്ല. ലാലേട്ടന്റെ കാരവാനിന്റെ ചുറ്റും ഇപ്പോൾ ബോളിവുഡിൽ നിന്നുള്ള നിർമ്മാതാക്കൾ ആണെന്നാണ് അറിഞ്ഞത്', ഷറഫുദ്ദീൻ പറഞ്ഞു. തന്റെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലാണ് ഷറഫുദ്ദീൻ ഇക്കാര്യം പറഞ്ഞത്.

എമ്പുരാൻ, തുടരും എന്നീ സിനിമകളാണ് ഇതുവരെ മോഹൻലാലിന്റേതായി പുറത്തിറങ്ങിയത്. മാർച്ച് അവസാനവാരം തിയേറ്ററിലെത്തിയ എമ്പുരാൻ സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ഗംഭീര കളക്ഷനാണ് നേടിയത്. ഈ ചിത്രം ആഗോളതലത്തിൽ മലയാളത്തിലെ ടോപ് ഗ്രോസറും ഏറ്റവുമധികം ബിസിനസ് നേടിയ സിനിമയുമായി മാറി. 30 ദിവസങ്ങൾ കൊണ്ട് 325 കോടിയാണ് എമ്പുരാന്റെ ആഗോള ബിസിനസ് നേട്ടം. ഏപ്രിലിൽ തിയേറ്ററിലെത്തിയ തരുൺ മൂർത്തി ചിത്രം തുടരും മികച്ച പ്രതികരണം നേടുന്നതിനോടൊപ്പം എല്ലാവരും ആഗ്രഹിച്ച ആ പഴയ മോഹൻലാലിനെ കൂടി തിരികെത്തന്നു. ആഗോള ബോക്സ് ഓഫീസിൽ നിന്ന് തുടരും 200 കോടി കടന്നിരിക്കുകയാണ്.

ചിത്രം കേരളത്തിൽ നിന്ന് ഇതുവരെയായി 111 കോടി നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ കേരളത്തിൽ നിന്ന് ഒരു സിനിമ ആദ്യമായി 100 കോടി കടന്നെന്ന റെക്കോർഡും മോഹൻലാൽ സ്വന്തം പേരിലാക്കി, ഒപ്പം 2018 നെ പിന്നിലാക്കി ഇൻഡസ്ട്രി ഹിറ്റെന്ന ടാഗും. ഈ വർഷം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 200 കോടി കടന്ന അഞ്ച് സിനിമകളിൽ രണ്ടെണ്ണവും മോഹൻലാലിന്റെ പേരിലാണ്. നിലവിൽ രണ്ടും അഞ്ചും സ്ഥാനങ്ങളിലാണ് മോഹൻലാൽ സിനിമകൾ ഉള്ളത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം ആണ് ഇനി പുറത്തിറങ്ങാനുള്ള മോഹൻലാൽ ചിത്രം. ആഗസ്റ്റിൽ ഓണം റിലീസായി സിനിമയെത്തും.

Content Highlights: Sharafudheen talks about Mohanlal

dot image
To advertise here,contact us
dot image