

2026 ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് നാളെ ജീവന്മരണ പോരാട്ടം. സൂപ്പർ എട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ അതിനിർണായകമായ മത്സരം നാളെ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കും. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക.
ഒരു മത്സരത്തിനപ്പുറം ഇരു ടീമുകളുടെയും നിലനിൽപ്പിനായുള്ള പോരാട്ടമാണ് നാളെ ഈഡൻ ഗാർഡൻസിൽ അരങ്ങേറുക. സെമി ഫൈനലിന് മുൻപുള്ള ഒരു 'നോക്കൗട്ട്' മത്സരത്തിന്‍റെ പ്രതീതിയാണ് ഈ പോരാട്ടത്തിനുള്ളത്. ഈ മത്സരത്തിൽ വിജയിക്കുന്നവർക്ക് ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം സെമിയിലേക്ക് മുന്നേറാം. നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ഇരു ടീമുകൾക്കും രണ്ട് പോയിന്റ് വീതമാണുള്ളത്.
സൂപ്പർ 8 ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടവരാണ് ഇരു ടീമുകളും. നാളെ പരാജയപ്പെടുന്നവർക്ക് സെമി കാണാതെ പുറത്തേക്ക് പോകേണ്ടി വരും. ചെന്നൈയിൽ സിംബാബ്‌വെക്കെതിരെ നേടിയ 72 റൺസിന്‍റെ ആധികാരിക ജയം സ്വന്തമാക്കിയതിന്റെ ചെറുതല്ലാത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ ദക്ഷിണാഫ്രിക്കയോട് മൊട്ടേരയിൽ അപ്രതീക്ഷിതമായി പരാജയപ്പെട്ടതിന്‍റെ ആഘാതത്തിലാണ് വിൻഡീസ് ടീം വരുന്നത്.
Content Highlights: T20 World Cup 2026: India vs West Indies Clash Tomorrow