

ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയില്‍ പണമടച്ചുള്ള പാര്‍ക്കിംഗ് സംവിധാനം നിലവില്‍ വന്നതോടെ ജീവിതശൈലിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുകയാണ് ഇവിടുത്തെ താമസക്കാര്‍. പലരും തങ്ങളുടെ വാഹനങ്ങള്‍ വില്‍ക്കാനും പൊതുഗതാഗതത്തെ ആശ്രയിക്കാനും തുടങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ നിര്‍മാണം പുരോഗമിക്കുന്ന ദുബായ് മെട്രോ ഗ്രീന്‍ ലൈനിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇന്റര്‍നാഷണല്‍ സിറ്റി നിവാസികള്‍.
ഒരു മാസം മുമ്പാണ് ഇന്റര്‍നാഷണല്‍ സിറ്റിയില്‍ പണമടച്ചുള്ള പാര്‍ക്കിംഗ് സംവിധാനം നിലവില്‍ വന്നത്. നേരത്തെ സൗജന്യ പാര്‍ക്കിംഗ് ലഭ്യമായിരുന്നപ്പോള്‍ പലര്‍ക്കും ഒന്നിലധികം വാഹനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അധിക വാഹനങ്ങള്‍ വില്‍ക്കുകയാണ് പലരും. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. മെട്രോയെ ആശ്രയിക്കുമ്പോള്‍ ഗതാഗതം, ഇന്ധനച്ചെലവ്, പാര്‍ക്കിംഗ് ബുദ്ധിമുട്ടുകള്‍ എന്നിവയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് താമസക്കാര്‍ പറയുന്നു.
ഓഫീസില്‍ എത്തുന്ന സമയം കൃത്യമായി അറിയാമെന്നതും ഗതാഗതക്കുരുക്ക് ഒഴിവാക്കാം എന്നതുമാണ് മെട്രോയെ പ്രിയപ്പെട്ട യാത്രാ സംവിധാനമാക്കി മാറ്റുന്നത്. മെട്രോയുടെ ബ്ലൂ ലൈന്‍ കൂടി പ്രവര്‍ത്തനസജ്ജമാകുന്നതോടെ യാത്രാച്ചെലവ് പകുതിയായി കുറയുകയും ജീവിതം കൂടുതല്‍ ലളിതമാകുമെന്നും ഇവിടുത്തെ താമസക്കാര്‍ കരുതുന്നു. ഇന്റര്‍നാഷണല്‍ സിറ്റിയെ നഗരത്തിന്റെ മറ്റ് ബിസിനസ് ഹബ്ബുകളുമായും വിമാനത്താവളങ്ങളുമായും ബന്ധിപ്പിക്കുന്നതാണ് ബ്ലൂലൈന്‍ പദ്ധതി. മെച്ചപ്പെട്ട പൊതുഗതാഗത സൗകര്യം വരുന്നതോടെ ഇന്റര്‍നാഷണല്‍ സിറ്റിയിലെ ഗതാഗതക്കുരുക്കിനും പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരമാകുമെന്നും വിലയിരുത്തപ്പെടുന്നു.
പാര്‍ക്കിംഗ് ഫീസ് നിലവില്‍ വന്നതോടെ ഒരു വാഹനത്തില്‍ ഒന്നിലധികം ആളുകള്‍ സഞ്ചരിക്കുന്ന കാര്‍ പൂളിംഗ് സംവിധാനത്തിലേക്ക് മാറിയ നിരവധി ബാച്ചിലര്‍ താമസക്കാരും ഇവിടെയുണ്ട്. മെട്രോ കണക്റ്റിവിറ്റി ലഭിക്കുന്നതോടെ പൂര്‍ണ്ണമായും പൊതുഗതാഗതത്തിലേക്ക് മാറാനാണ് പലരുടെയും തീരുമാനം.
Content Highlights: Introduction of paid parking in Dubai International City triggers lifestyle adjustments among residents, as new RTA regulations reshape daily commuting and parking patterns in the community.