

തെഹ്‌റാൻ: ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ ഇറാനിൽ 201 പേർ കൊല്ലപ്പെട്ടതായും 747 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ വക്താവ് മെഹറിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇറാനിലെ 24 പ്രവിശ്യകളിൽ യുഎസ്, ഇസ്രയേലി ആക്രമണങ്ങൾ നടന്നതായും മെഹർ വ്യക്തമാക്കി. 220 ലധികം റെഡ് ക്രസന്റ് അംഗങ്ങള്‍ ലക്ഷ്യസ്ഥാനങ്ങളിൽ ഉണ്ടെന്നും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും വക്താവ് പറഞ്ഞു.
ഇറാനിലെ സ്‌കൂളിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തിൽ 85 പേരാണ് മരിച്ചത്. ആക്രമണം നടക്കുമ്പോള്‍ സ്‌കൂളില്‍ 170 വിദ്യാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്. തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗനിലെ ഗേള്‍സ് സ്‌കൂളിലായിരുന്നു ഇസ്രയേല്‍ ആക്രമണം നടന്നത്.
ടെഹ്‌റാനിൽ, ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയിയുടെ ഔദ്യോഗിക ഓഫീസിന് സമീപത്താണ് ആദ്യത്തെ ആക്രമണം റിപ്പോർട്ട് ചെയ്തത്. പിന്നാലെ രാജ്യവ്യാപകമായി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു. പലമേഖലകളിൽ നിന്നും പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്.
അതിനിടയിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചുവെന്ന് വൈസ് ഹൗസ് വക്താവ് കരോലിൻ ലീവീറ്റ് എക്‌സിലൂടെ അറിയിച്ചു. ദേശീയ സുരക്ഷാ സംഘത്തിനൊപ്പം യുഎസ് പ്രസിഡന്റ് സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ട്. ഇറാൻ സായുധസേന ശക്തമായ ആക്രമണങ്ങൾ തുടരുകയാണെന്നാണ് ഐആർജിസിയുടെ ഖദം അൽ അൻബിയ ആസ്ഥാനത്ത് നിന്നുള്ള വക്താവ് പ്രതികരിച്ചിരിക്കുന്നത്.
Content Highlight : Reports state that 201 people have been killed and 747 others injured in Iran following joint strikes carried out by Israel and the United States.