വിയറ്റ്നാം മുതൽ ഇറാൻ വരെ; എന്തുകൊണ്ടാണ് യുദ്ധസമയത്ത് സ്വർണ്ണവില കത്തിക്കയറുന്നത് ?

വിതരണ ശൃംഖലകൾ തടസ്സപ്പെടുമെന്ന ഭീതി നിക്ഷേപകരെ സ്വർണ്ണത്തിലേക്ക് ആകർഷിച്ചു

വിയറ്റ്നാം മുതൽ ഇറാൻ വരെ; എന്തുകൊണ്ടാണ് യുദ്ധസമയത്ത് സ്വർണ്ണവില കത്തിക്കയറുന്നത് ?
സുമ സണ്ണി
1 min read|28 Feb 2026, 04:08 pm
dot image

യുദ്ധസമയങ്ങളിൽ സ്വർണ്ണവില എങ്ങനെയാണ് പ്രതികരിക്കാറുള്ളത് എന്നത് സാമ്പത്തിക ലോകത്തെ എന്നും വിസ്മയിപ്പിക്കുന്ന ഒരു കാര്യമാണ്. സാധാരണയായി ഓഹരി വിപണിയും കറൻസിയും തകരുമ്പോൾ സ്വർണ്ണം ഒരു "സുരക്ഷിത നിക്ഷേപം" ആയി മാറുന്നു.

വിയറ്റ്നാം യുദ്ധം (1955–1975)

ഈ യുദ്ധത്തിന്റെ അവസാന കാലഘട്ടത്തിലാണ് സ്വർണ്ണവിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായത്.1971-ൽ അമേരിക്കൻ ഡോളറിനെ സ്വർണ്ണവുമായി ബന്ധിപ്പിച്ചിരുന്ന രീതി അവസാനിച്ചു. അതോടെ സ്വർണ്ണവില കുതിച്ചുയർന്നു. 1970-ൽ ഒരു ഔൺസിന് ഏകദേശം 35 ഡോളർ ആയിരുന്നത് 1975-ൽ യുദ്ധം അവസാനിക്കുമ്പോഴേക്കും 160 ഡോളർ കടന്നു.

gold

സോവിയറ്റ്-അഫ്ഗാൻ യുദ്ധം, ഇറാൻ വിപ്ലവം (1979–1980)

ലോകം വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയിലായ സമയമായിരുന്നു ഇത്. ചരിത്രത്തിലെ ഏറ്റവും വലിയ വിലവർദ്ധനവുകളിൽ ഒന്ന് ഈ സമയത്താണ് നടന്നത്. 1979-ൽ 250 ഡോളർ ആയിരുന്ന സ്വർണ്ണവില 1980 ജനുവരിയിൽ റെക്കോർഡ് ഉയരമായ 850 ഡോളറിൽ എത്തി. ഏകദേശം 240% വർദ്ധനവാണ് ഉണ്ടായത്.

ഗൾഫ് യുദ്ധം (1990–1991)

ഇറാഖ് കുവൈത്തിനെ ആക്രമിച്ചപ്പോൾ ലോകം ഞെട്ടി. ആക്രമണം നടന്ന ഉടനെ സ്വർണ്ണവില പെട്ടെന്ന് ഉയർന്നു. എന്നാൽ യുദ്ധം അധികം നീണ്ടുനിൽക്കില്ലെന്ന് മനസ്സിലായതോടെ വില പതുക്കെ താഴേക്ക് വന്നു. യുദ്ധം തുടങ്ങിയപ്പോൾ വില ഏകദേശം 400 ഡോളർ കടന്നിരുന്നു.

war

സെപ്റ്റംബർ 11 ആക്രമണവും അഫ്ഗാൻ യുദ്ധവും (2001)

അമേരിക്കയിലെ ഭീകരാക്രമണം ആഗോള സമ്പദ്‌വ്യവസ്ഥയെ ഉലച്ചു. ആക്രമണത്തിന് തൊട്ടുപിന്നാലെ സ്വർണ്ണവില കുതിച്ചുയർന്നു. 2001-ൽ 270 ഡോളർ ആയിരുന്ന സ്വർണ്ണം, തുടർന്നുള്ള യുദ്ധകാലയളവിൽ (2011 ആയപ്പോഴേക്കും) 1,900 ഡോളർ എന്ന അന്നത്തെ റെക്കോർഡ് ഉയരത്തിലെത്തി.

റഷ്യ-യുക്രെയ്ൻ യുദ്ധം (2022)

സമീപകാലത്ത് നടന്ന വലിയൊരു സംഘർഷമാണിത്.ഇത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.യുദ്ധം തുടങ്ങിയ 2022 ഫെബ്രുവരിയിൽ സ്വർണ്ണവില ഔൺസിന് 2,000 ഡോളർ കടന്നു. വിതരണ ശൃംഖലകൾ തടസ്സപ്പെടുമെന്ന ഭീതി നിക്ഷേപകരെ സ്വർണ്ണത്തിലേക്ക് ആകർഷിച്ചു.

gold price

ഇറാൻ-ഇസ്രായേൽ സംഘർഷം

ഇറാൻ-ഇസ്രായേൽ സംഘർഷം ആഗോള വിപണിയെ പിടിച്ചുലച്ചതോടെ ഇന്ന് ഇന്ത്യയിലും സ്വർണ്ണവിലയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. മുൻപ് പറഞ്ഞത് പോലെ , യുദ്ധഭീതി നിക്ഷേപകരെ സ്വർണ്ണത്തിലേക്ക് ആകർഷിച്ചതാണ് ഈ പെട്ടെന്നുള്ള വർദ്ധനവിന് കാരണം.കേരളത്തിൽ ഇപ്പോൾ ഒരു പവന്റെ വില 123720 രൂപ ആയിരിക്കുകയാണ്.ഇന്ന് ഒറ്റ ദിവസം കൊണ്ട് പവന് 5240 രൂപയാണ് വർധിച്ചിരിക്കുന്നത്.

എന്തുകൊണ്ടാണ് യുദ്ധസമയത്ത് സ്വർണ്ണവില കൂടുന്നത്?

യുദ്ധസമയത്ത് രാജ്യങ്ങളുടെ കറൻസിയുടെ മൂല്യം ഇടിഞ്ഞേക്കാം. എന്നാൽ സ്വർണ്ണത്തിന് എപ്പോഴും മൂല്യമുണ്ടാകും.യുദ്ധം വരുമ്പോൾ ആ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരാൻ സാധ്യതയുണ്ട്. ഗവൺമെന്റിന് വലിയ ചെലവുകൾ വരികയും, സാധനങ്ങൾക്ക് ക്ഷാമം അനുഭവപ്പെടുകയും ചെയ്യും. സ്വർണ്ണം ഒരു രാജ്യത്തോ ഗവൺമെന്റോ നിർമ്മിക്കുന്ന ഒന്നല്ല. അത് പ്രകൃതിദത്തമായ ഒരു ലോഹമാണ്.

ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും സ്വർണ്ണത്തിന് അതിന്റേതായ വിലയുണ്ട്. ഉദാഹരണത്തിന് ഒരു യുദ്ധം കാരണം നിങ്ങളുടെ രാജ്യത്തെ രൂപയ്ക്കോ ഡോളറിനോ വില ഇല്ലാതായാലും, നിങ്ങളുടെ കയ്യിലുള്ള ഒരു സ്വർണ്ണമാല വിറ്റാൽ നിങ്ങൾക്ക് മറ്റൊരു രാജ്യത്തെ പണമോ ഭക്ഷണമോ വാങ്ങാൻ സാധിക്കും. കാരണം, സ്വർണ്ണത്തെ ലോകം മുഴുവൻ ഒരു "യഥാർത്ഥ സമ്പത്തായി" അംഗീകരിക്കുന്നു.

gold

യുദ്ധം കാരണം എണ്ണവിലയും സാധനങ്ങളുടെ വിലയും കൂടുമ്പോൾ, പണത്തിന്റെ മൂല്യം ചോരാതിരിക്കാൻ ആളുകൾ സ്വർണ്ണം വാങ്ങിക്കൂട്ടുന്നു. ലോകത്തെവിടെയും എളുപ്പത്തിൽ വിൽക്കാൻ കഴിയുന്ന ഒന്നാണ് സ്വർണ്ണം. ചുരുക്കത്തിൽ, ലോകം മുഴുവൻ അശാന്തിയിലാകുമ്പോൾ ആളുകൾക്ക് കടലാസ് പണത്തിലുള്ള വിശ്വാസം കുറയും. അവർ തങ്ങളുടെ സമ്പാദ്യം സുരക്ഷിതമാക്കാൻ സ്വർണ്ണം വാങ്ങിക്കൂട്ടും. എല്ലാവരും സ്വർണ്ണം വാങ്ങാൻ ഓടുമ്പോൾ അതിന്റെ ഡിമാൻഡ് കൂടുകയും സ്വാഭാവികമായും സ്വർണ്ണവില കുതിച്ചുയരുകയും ചെയ്യുന്നു.

Content Highlights : From Vietnam to Iran; Why does the price of gold skyrocket during times of war?

dot image
To advertise here,contact us
dot image