

തെഹ്‌റാൻ: ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടിരിക്കാം എന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിൻ്റെ അവകാശവാദം തള്ളി ഇറാൻ. ആയത്തുള്ള അലി ഖമനയി ജീവനോടെയുണ്ടെന്നും സുരക്ഷിതനാണെന്നും ഇറാൻ വിദേശ്യകാര്യ വക്താവ് വ്യക്തമാക്കി.
ഖമനയി ഇപ്പോഴും തിരിച്ചടിക്ക് നേതൃത്വം നല്‍കുന്നുണ്ട്. ഖമനയിയും പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും സുരക്ഷിതരാണ്. ശത്രു മനഃശാസ്ത്ര യുദ്ധത്തിലേക്ക് കടന്നിരിക്കുകയാണ്. എല്ലാവരും കരുതിയിരിക്കണമെന്നും ഇറാൻ വിദേശ്യകാര്യ വക്താവ് പറഞ്ഞു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടിരിക്കാം എന്ന അവകാശവാദവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിരുന്നു. ഇറാന്‍ ആണവ ഗവേഷകർ ഉള്‍പ്പടെ കൊല്ലപ്പെട്ടുവെന്നും ആയത്തുള്ള അലി ഖമനയിയുടെ കൊട്ടരം തകർത്തുവെന്നും ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു. ഖമനയി ജീവിച്ചിരിപ്പില്ല എന്നതിന് തെളിവുണ്ടെന്ന് നെതന്യാഹു പറഞ്ഞിരുന്നു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്. അവസരം പാഴാക്കരുതെന്നും ഭരണകൂടത്തെ താഴെയിറക്കാന്‍ തെരുവിലിറങ്ങണമെന്നും ബെഞ്ചമിന്‍ നെതന്യാഹു ഇറാന്‍ ജനതയോട് ആഹ്വാനം ചെയ്തിരുന്നു.
അതേസമയം ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ ഇറാനിൽ 201 പേർ കൊല്ലപ്പെട്ടതായും 747 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ വക്താവ് മെഹറിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാനിലെ 24 പ്രവിശ്യകളിൽ യുഎസ്, ഇസ്രയേലി ആക്രമണങ്ങൾ നടന്നതായും മെഹർ വ്യക്തമാക്കി. 220 ലധികം റെഡ് ക്രസന്റ് അംഗങ്ങള്‍ ലക്ഷ്യസ്ഥാനങ്ങളിൽ ഉണ്ടെന്നും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും വക്താവ് പറഞ്ഞു.
Content Highlight : Iran has dismissed claims made by Israeli sources that its Supreme Leader, Ayatollah Ali Khamenei, was killed in recent attacks.