

ടെൽ അവീവ്: ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടിരിക്കാം എന്ന അവകാശവാദവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്‍ ആണവ ഗവേഷകർ ഉള്‍പ്പടെ കൊല്ലപ്പെട്ടുവെന്നും ആയത്തുള്ള അലി ഖമനയിയുടെ കൊട്ടരം തകർത്തുവെന്നും ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.
ഖമനയി ജീവിച്ചിരിക്കുന്നില്ലെന്നതിന് സൂചനകളുണ്ടെന്നും നെതന്യാഹു പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഖമനയി കൊല്ലപ്പെട്ടുവെന്ന് നെതന്യാഹു സ്ഥിരീകരിച്ചില്ല. ഇറാനിനെതിരെയുള്ള ആക്രമണം തുടരുമെന്നും നെതന്യാഹു അറിയിച്ചു. അവസരം പാഴാക്കരുതെന്നും ഭരണകൂടത്തെ താഴെയിറക്കാന്‍ തെരുവിലിറങ്ങണമെന്നും ബെഞ്ചമിന്‍ നെതന്യാഹു ഇറാന്‍ ജനതയോട് ആഹ്വാനം ചെയ്തു. അതേസമയം നെതന്യാഹുവിന്റെ വാദങ്ങൾ തള്ളി ഇറാൻ മാധ്യമങ്ങൾ രംഗത്തെത്തി.
ടെഹ്‌റാനിൽ നടന്ന ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണങ്ങളുടെ ലക്ഷ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി ആയിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎഫ്‌പിയെ ഉദ്ധരിച്ച് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടുവെന്ന അവകാശവാദവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയത്.
അതേസമയം ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ ഇറാനിൽ 201 പേർ കൊല്ലപ്പെട്ടതായും 747 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ വക്താവ് മെഹറിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാനിലെ 24 പ്രവിശ്യകളിൽ യുഎസ്, ഇസ്രയേലി ആക്രമണങ്ങൾ നടന്നതായും മെഹർ വ്യക്തമാക്കി. 220 ലധികം റെഡ് ക്രസന്റ് അംഗങ്ങള്‍ ലക്ഷ്യസ്ഥാനങ്ങളിൽ ഉണ്ടെന്നും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും വക്താവ് പറഞ്ഞു.
Content Highlight : Israeli Prime Minister Benjamin Netanyahu has reportedly suggested that Iran’s Supreme Leader Ayatollah Ali Khamenei may have been killed amid the ongoing conflict.