ജെമീമയ്ക്കൊപ്പം ബാറ്റ് ചെയ്യുന്നത് ആസ്വദിക്കുന്നു, ഇന്ത്യയുടെ ലക്ഷ്യം ലോകകിരീടം: ഹർമൻപ്രീത് കൗർ‌

ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ പിഴവുകളെക്കുറിച്ചും ഇന്ത്യൻ ക്യാപ്റ്റൻ പ്രതികരിച്ചു

ജെമീമയ്ക്കൊപ്പം ബാറ്റ് ചെയ്യുന്നത് ആസ്വദിക്കുന്നു, ഇന്ത്യയുടെ ലക്ഷ്യം ലോകകിരീടം: ഹർമൻപ്രീത് കൗർ‌
dot image

വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിൽ ഓസ്ട്രേലിയയെ തകർത്തതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ലോകകിരീടത്തിനായി ആ​ഗ്രഹിക്കുന്നതായി ഹർമൻപ്രീത് തുറന്നുപറഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനലിലെ വിജയശിൽപ്പി ജെമീമ റോഡ്രി​ഗ്സിനെ ഹർമൻപ്രീത് അഭിനന്ദിക്കുകയും ചെയ്തു.

‍'ജെമീമയ്ക്ക് എപ്പോഴും ടീമിന് വേണ്ടി നന്നായി കളിക്കാനാണ് ആഗ്രഹം. എപ്പോഴും ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നു. ജെമീമയിൽ ഞങ്ങൾക്ക് എപ്പോഴും ആ വിശ്വാസമുണ്ട്. ഞങ്ങൾ രണ്ടുപേരും പിച്ചിൽ നല്ല സമയം ചെലവഴിച്ചു. ഞങ്ങൾ ബാറ്റ് ചെയ്യുമ്പോഴെല്ലാം പരസ്പരം കണക്കുകൂട്ടലുകൾ നടത്തിയിരുന്നു. ജമീമയ്ക്കൊപ്പം ബാറ്റ് ചെയ്യുന്നത് ശരിക്കും ആസ്വദിച്ചിരുന്നു,' ഹർമൻപ്രീത് പ്രതികരിച്ചു.

'ഇനി ഒരു മത്സരം കൂടിയുണ്ട്. ഇന്ന് ഞങ്ങൾ എല്ലാവരും നന്നായി കളിച്ചു. വിജയത്തിൽ സന്തോഷമുണ്ട്. പക്ഷേ ഞങ്ങൾ ഇതിനകം അടുത്ത മത്സരത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങി. അത് ഞങ്ങൾ എത്രത്തോളം ലോകകപ്പ് നേടാൻ എത്രത്തോളം താല്പര്യമുള്ളവരാണെന്ന് കാണിക്കുന്നു. ലോകകിരീടം ഞങ്ങളുടെ ആരാധകർക്കും കുടുംബങ്ങൾക്കും വേണ്ടി നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,' ഹർമൻപ്രീത് കൂട്ടിച്ചേർത്തു.

'വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ലക്ഷ്യമാണ് ഇന്ത്യൻ ടീം മറികടന്നത്. വലിയ കഠിനാധ്വാനം ചെയ്തതുകൊണ്ടാണ് ഈ ലക്ഷ്യം മറികടക്കാൻ സാധിച്ചത്. എനിക്കും ടീം പരിശീലകനും ഇപ്പോഴത്തെ ടീമിനെക്കുറിച്ച് വലിയ അഭിമാനമുണ്ട്. ഏത് സാഹചര്യത്തിൽ നിന്നും ഏത് കളിക്കാരനും ഏത് മത്സരവും ജയിക്കാൻ കഴിയുമെന്ന വിശ്വാസം ഞങ്ങൾക്കുണ്ട്. കുറച്ച് തെറ്റുകൾ സംഭവിച്ചു, പക്ഷേ ഞങ്ങൾ തെറ്റുകളിൽ നിന്ന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു,' ഹർമൻപ്രീത് പറഞ്ഞു.

​ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ പിഴവുകളെക്കുറിച്ചും ഇന്ത്യൻ ക്യാപ്റ്റൻ പ്രതികരിച്ചു. 'കുറച്ച് ഓവറുകൾ മുമ്പ് റിസ്ക് എടുക്കാമായിരുന്നു. അങ്ങനെ ചെയ്യാതിരുന്നത് മത്സരത്തിൽ തോൽവിക്ക് കാരണമാക്കി. ടീം കണക്കുകൂട്ടലോടെ കളിക്കണം. പ്രത്യേകിച്ചും അവസാന അഞ്ച് ഓവറുകളാണ് നമ്മൾ വളരെ കൃത്യതയോടെയും കണക്കുകൂട്ടലോടെയും കളിക്കേണ്ടത്,' ഹർമൻപ്രീത് വ്യക്തമാക്കി.

Content Highlights: Enjoying batting with Jemimah, India's goal is World Cup: Harmanpreet Kaur





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image