


 
            തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത കേരള പ്രഖ്യാപനം സംബന്ധിച്ച് പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. നേട്ടത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ വിഷയം ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അഭിമാന നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു.
ക്രെഡിറ്റ് മോദി സര്‍ക്കാരിനാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ വാദത്തെ മന്ത്രി പരിഹസിച്ചു. ക്രെഡിറ്റ് അവകാശപ്പെടുന്നവര്‍ രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിലും ഈ നേട്ടം കൈവരിക്കാന്‍ ശ്രമിക്കണം. നേട്ടം മോദി സര്‍ക്കാരിനാണ് എന്ന് പറയുന്നവരുണ്ട്. അവരോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂവെന്ന് പറഞ്ഞ മന്ത്രി രാജ്യത്തെ മുഴുവന്‍ അതിദാരിദ്ര്യ മുക്തമാക്കി ചെയ്ത് കാണിക്കണമെന്നും ആവശ്യപ്പെട്ടു.
വിദഗ്ധര്‍ എന്ന് പറയുന്നവര്‍ ഒരു സുപ്രഭാതത്തില്‍ എഴുന്നേറ്റ് ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ്. ഇതിന്റെ സാങ്കേതികത്വം മനസിലാകുന്നില്ല. ഉറക്കത്തില്‍ ഞെട്ടി എഴുന്നേറ്റ് പ്രഖ്യാപിച്ച കാര്യമല്ലിത്. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. അതിദാരിദ്ര്യ നിര്‍മാർജന രേഖ പൊതു സമൂഹത്തിന് മുന്നിലുണ്ട്. ഭക്ഷണം, ആരോഗ്യം, വസ്ത്രം, സുരക്ഷിത വാസസ്ഥലം എന്നിവ ഇല്ലാത്തവരാണ് അതിതീവ്ര ദരിദ്രര്‍. ഏറ്റവും നിസഹായരായ മനുഷ്യരാണ് ഈ പദ്ധതിയിലുള്ളതെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാതിരുന്നവരാണ് അതിദരിദ്രര്‍. ഒരു രേഖ പോലും ഇവര്‍ക്ക് ഉണ്ടായിരുന്നില്ല. അവര്‍ക്ക് അതിജീവിക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം. ജീവിതം തന്നെ മുന്നോട്ടുകൊണ്ട് പോകാന്‍ കഴിയാത്തവരാണ് അതിദരിദ്രരെന്നും മന്ത്രി വ്യക്തമാക്കി. എം വി ഗോവിന്ദന്‍ മന്ത്രിയായിരുന്നപ്പോള്‍ തന്നെ വാര്‍ത്തകള്‍ പത്രത്തില്‍ വന്നതാണ്. 1,18,328 കുടുംബങ്ങളുടെ വിവര ശേഖരണം നടത്തി. ഇത് സൂപ്പര്‍ ചെക്കിന് വിധേയമാക്കി. അങ്ങനെ 64,006 കുടുംബങ്ങള്‍ ആയി ചുരുങ്ങി. അത്രയ്ക്ക് സൂക്ഷ്മമായാണ് ഈ പ്രക്രിയ നടന്നത്. ജനപങ്കാളിത്തത്തോടെ നടത്തിയ പ്രക്രിയയാണിത്. 2022-ല്‍ എക്കണോമിക് റിവ്യൂ നടത്തിയ സമയത്ത് പോലും ആരും ഒന്നും ചൂണ്ടിക്കാണിച്ചിട്ടില്ല. ഉണ്ടെങ്കില്‍ അന്നുതന്നെ ചര്‍ച്ച ചെയ്യാമായിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തില്‍ സര്‍ക്കാരിന് തുറന്നകത്തുമായി സാമ്പത്തിക വിദഗ്ധരും സാമൂഹിക പ്രവര്‍ത്തകരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആധികാരിക പഠന റിപ്പോര്‍ട്ട് പുറത്തുവിടണമെന്നായിരുന്നു ആവശ്യം. എന്തൊക്കെ മാനദണ്ഡങ്ങളുപയോഗിച്ചാണ് പ്രഖ്യാപനമെന്നും കത്തില്‍ ചോദിച്ചിരുന്നു. ഇതിനും മന്ത്രി മറുപടി നല്‍കി. ലാഘവത്തോടെ ഇതിനെ കൈകാര്യം ചെയ്യരുതെന്നും വസ്തുതകള്‍ മനസ്സിലാക്കി വേണം വിലയിരുത്താനെന്നും പറഞ്ഞ എംബി രാജേഷ് രാഷ്ട്രീയ പ്രചാരവേലയുടെ വക്താക്കള്‍ ആവരുതെന്നും വിമര്‍ശിച്ചു.
Content Highlights: mb rajesh on kerala extreme poverty eradication programme
 
                        
                        