
തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ 2. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. രജനികാന്ത് നായകനാകുന്ന സിനിമയിൽ തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്‌ണയും കാമിയോ വേഷത്തിലെത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഇപ്പോൾ സിനിമയിൽ ഭാഗമാകുന്നതിന് താരം വമ്പൻ തുക പ്രതിഫലം ആവശ്യപ്പെട്ടു എന്നാണ് പുതിയ റിപ്പോര്‍ട്ട്.
ജയിലർ 2 ലെ കാമിയോ വേഷത്തിന് നന്ദമൂരി ബാലകൃഷ്‌ണ 50 കോടി ആവശ്യപ്പെട്ടു എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. മാത്രമല്ല സിനിമയ്ക്കായി 20 ദിവസത്തെ ഡേറ്റും നടൻ കൊടുത്തിട്ടുണ്ട് എന്നാണ് സൂചന. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ചിത്രത്തിനായി രജനികാന്തിനും റെക്കോർഡ് പ്രതിഫലമായിരിക്കും ലഭിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. ഏകദേശം 260 കോടിയോളം രൂപയാണ് സിനിമയ്ക്കായുള്ള രജനികാന്തിന്റെ പ്രതിഫലം. കൂലി എന്ന സിനിമയും താരത്തിന്റേതായി റിലീസ് കാത്തുനില്‍പ്പുണ്ട്. ഈ ചിത്രത്തിനാണ് 260- 280 കോടിയാണ് രജനികാന്ത് വാങ്ങുന്നത് എന്നാണ് സൂചന. തമിഴകത്തെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലങ്ങളിൽ ഒന്നാണ് ഇത്.
ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം ജയ്‌ലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം.
2023 ൽ പുറത്തിറങ്ങിയ ജയിലറിന്റെ ആദ്യഭാഗത്തിൽ മോഹൻലാൽ, ശിവരാജ് കുമാർ തുടങ്ങിയവരും കാമിയോ റോളുകളിൽ എത്തിയിരുന്നു. രണ്ടാം ഭാഗത്തിൽ ഇവർ വീണ്ടും എത്തുമെന്ന സൂചനകളുണ്ട്. കഴിഞ്ഞ ദിവസം സംവിധായകൻ നെൽസൺ, മോഹൻലാൽ-സത്യൻ അന്തിക്കാട് ടീമിന്റെ ഹൃദയപൂർവ്വം എന്ന സിനിമയുടെ സെറ്റിൽ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജയിലർ 2 ലെ മോഹൻലാലിന്റെ കഥാപാത്രം സംബന്ധിച്ച് ചർച്ചകൾ നടത്തുന്നതിനായാണ് നെൽസൺ ഹൃദയപൂർവ്വം സെറ്റിലെത്തിയത് എന്നാണ് സൂചന.
Content Highlights: Reports that Nandamuri Balakrishna being paid Rs 50 crores for Jailer 2