'യെസ് യുവർ ഓണർ, ഞാൻ സാക്ഷിയാണ്'; ഉണ്ണിക്കണ്ണൻ വിജയ്‌യെ കണ്ടുവെന്ന് ഉറപ്പിച്ച് മമിത ബൈജു

ഉണ്ണിക്കണ്ണൻ വിജയ്‌യെ കണ്ടുവെന്ന് ഉറപ്പിക്കുകയാണ് നടി മമിത ബൈജു

dot image

നടൻ വിജയ്‌യോടുള്ള ആരാധന മൂലം സമൂഹ മാധ്യമങ്ങളിൽ വൈറലായ വ്യക്തിയാണ് മംഗലം ഡാം സ്വദേശി ഉണ്ണിക്കണ്ണൻ. വിജയ്‌യെ കാണാനായി ഇദ്ദേഹം പലതരത്തിലുള്ള പരിശ്രമങ്ങളും നടത്തിയിരുന്നു. പിന്നാലെ പുതിയ ചിത്രമായ ജനനായകന്റെ സെറ്റിലെത്തി വിജയ്‌യെ കണ്ടുവെന്ന് ഉണ്ണിക്കണ്ണൻ വെളിപ്പെടുത്തിയിരുന്നു. നടനെ കണ്ടുവന്നും അദ്ദേഹത്തിനൊപ്പം ചിത്രമെടുത്തുവെന്നുമായിരുന്നു ഉണ്ണിക്കണ്ണൻ പറഞ്ഞത്. പിന്നീട് വിജയ്ക്ക് ഒപ്പമുള്ള ഫോട്ടോകളൊന്നും പുറത്തുവരാതിരുന്നതിനെ തുടർന്ന് ഉണ്ണിക്കണ്ണനെതിരെ നിരവധി വിമർശനങ്ങളും വന്നിരുന്നു. ഇപ്പോൾ ഉണ്ണിക്കണ്ണൻ വിജയ്‌യെ കണ്ടുവെന്ന് ഉറപ്പിക്കുകയാണ് നടി മമിത ബൈജു.

ഉണ്ണിക്കണ്ണൻ തന്നെയാണ് മമിതയുടെ ചാറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 'യെസ് യുവർ ഓണർ, ഞാൻ സാക്ഷിയാണ്' എന്നാണ് മമിത കുറിച്ചിരിക്കുന്നത്.

'ഈ ലോകത്ത് ഒരു സത്യമുണ്ട്. ആ സത്യം ദൈവമാണ്. വിജയ് അണ്ണനെ കണ്ടില്ലെന്ന് പറഞ്ഞ് എന്നെ ഒരുപാട് നിങ്ങൾ വേദനിപ്പിച്ചു. അതിന് ഈ തിരക്കിനിടയിലും ദൈവത്തെ പോലെ വന്ന് മമിത ബൈജു, അനിയത്തിക്കുട്ടി വന്ന് പറഞ്ഞു. അനിയത്തിക്കുട്ടി അവിടെ ഉണ്ടായിരുന്നു. ഒരുപാട് സന്തോഷം. ഉണ്ണിക്കണ്ണൻ നുണ പറയില്ല. ഞാൻ കാണാൻ പോയത് അപ്പുറത്തുള്ള ആളെയല്ല. ലോകം അറിയുന്ന വിജയ് അണ്ണനെയാണ്', എന്നാണ് ഉണ്ണിക്കണ്ണൻ പുതിയ വീഡിയോയിൽ പറയുന്നത്.

കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് വിജയ്‌യോടുള്ള ആരാധനയുടെ പേരിൽ ഉണ്ണിക്കണ്ണൻ ശ്രദ്ധ നേടാൻ തുടങ്ങിയത്. നടനോടുള്ള ആരാധന മൂലം ഇയാൾ ഏഴ് വർഷത്തോളമായി മുടിയും താടിയും വെട്ടാതെ നടക്കുകയാണ് എന്ന തരത്തിലായിരുന്നു വാർത്തകൾ. ചെന്നൈയില്‍ വിജയ്‌യുടെ വീടിന്‍റെ മുന്നില്‍ മണിക്കൂറുകളോളം പോയി ഇരുന്നും ഉണ്ണി വൈറലായിരുന്നു. ഇക്കാരണങ്ങളാല്‍ ഇയാൾക്ക് നേരെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ ട്രോളുകളും വന്നിരുന്നു.

വിജയ്‌യുടെ അമ്പതാം പിറന്നാൾ ദിനത്തിൽ പാലക്കാട് നഗരത്തിലൂടെ പ്ലക്കാർഡുമായി നടന്നതും ഗോട്ട് എന്ന സിനിമയുടെ റിലീസ് ദിനത്തിൽ ചിത്രം കാണാൻ വന്നവർക്ക് ഉണ്ണിക്കണ്ണൻ മധുരം നൽകിയതുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

Content Highlights: Mamitha Baiju says that she witnessed Unnikannan meeting Vijay

dot image
To advertise here,contact us
dot image