എമ്പുരാനും ഒറ്റയാനും കയറി മേഞ്ഞു; 2 മാസത്തിനിടയിൽ ആഗോളതലത്തിലും കേരളാ ബോക്സ് ഓഫീസിലും 'L' താണ്ഡവം

മോഹൻലാൽ തന്റെ ബോക്സ് ഓഫീസ് പവർ കാണിച്ചതിന്റെ ആവേശത്തിലാണ് ആരാധകർ

dot image

സമീപകാലത്തെ തിരിച്ചടികൾക്ക് തുടര്‍ച്ചയായ ഹിറ്റുകളിലൂടെ മോഹൻലാൽ മറുപടി കൊടുത്തിരിക്കുകയാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിലായി റിലീസ് ചെയ്ത എമ്പുരാൻ, തുടരും എന്നീ സിനിമകള്‍ കേരളാ ബോക്സ് ഓഫീസിലും ആഗോളതലത്തിലും മലയാള സിനിമയിലെ റെക്കോർഡുകൾ തിരുത്തി കുറിച്ചിരിക്കുകയാണ്. ഇതോടെ മോഹൻലാൽ തന്റെ ബോക്സ് ഓഫീസ് പവർ കാണിച്ചതിന്റെ ആവേശത്തിലാണ് ആരാധകർ.

മാർച്ച് 27 നായിരുന്നു മോഹൻലാൽ നായകനായ എമ്പുരാൻ റിലീസ് ചെയ്തത്. ഈ ചിത്രം ആഗോളതലത്തിൽ മലയാളത്തിലെ ടോപ് ഗ്രോസറും ഏറ്റവുമധികം ബിസിനസ് നേടിയ സിനിമയുമായി മാറി. പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ ആദ്യ ദിനത്തിൽ 67 കോടിയിലധികം നേടി. 48 മണിക്കൂർ പിന്നിടും മുന്നേ ആഗോളതലത്തിൽ 100 കോടി ക്ലബിലെത്തിയ സിനിമ അഞ്ച് ദിവസം കൊണ്ടാണ് ആഗോള തലത്തിൽ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്. 30 ദിവസങ്ങൾ കൊണ്ട് 325 കോടിയാണ് എമ്പുരാന്റെ ആഗോള ബിസിനസ് നേട്ടം.

അങ്ങനെ മലയാള സിനിമയ്ക്ക് സ്വപ്നതുല്യമായ നേട്ടങ്ങളുമായാണ് ചിത്രം തിയേറ്ററുകൾ വിട്ടത്. എന്നാൽ റെക്കോർഡുകൾ തിരുത്തികുറിച്ചുള്ള ആ ജൈത്രയാത്രയ്ക്കിടയിൽ എമ്പുരാന് കേരളാ ബോക്സ് ഓഫീസിൽ മാത്രം റെക്കോർഡ് സ്വന്തമാക്കാൻ കഴിഞ്ഞില്ല. കേരളാ ബോക്സ് ഓഫീസിൽ നിന്ന് 87 കോടി മാത്രമാണ് സിനിമയ്ക്ക് നേടാനായത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന സിനിമ 89 കോടിയുമായി കേരളാ ബോക്സ് ഓഫീസിൽ മുന്നിൽ തന്നെ നിന്നു.

ഏപ്രിൽ മാസത്തിൽ പുറത്തിറങ്ങിയ തുടരും എന്ന സിനിമയിലൂടെ മോഹൻലാൽ ആ റെക്കോർഡും തന്റെ പേരിലാക്കിയിരിക്കുകയാണ്. ചിത്രം കേരളാ ബോക്സ് ഓഫീസിൽ നിന്ന് മാത്രം 100 കോടി ഗ്രോസ് നേടിയതായി അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രണ്ടു മാസങ്ങൾക്കിടയിൽ മലയാള സിനിമയിലെ പല റെക്കോർഡുകളും മോഹൻലാൽ തന്റെ പേരിലാക്കിയതിന്റെ ആഘോഷം ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ നടത്തുകയാണ് ഇപ്പോൾ.

Content Highlights: Mohanlal creates Box Office records through Empuraan and Thudarum movie

dot image
To advertise here,contact us
dot image