ഷങ്കറിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല, ടിവി പ്രീമിയറിലും രക്ഷപ്പെടാതെ 'ഗെയിം ചേഞ്ചർ'; പിന്നാലെ ട്രോൾമഴ

പുഷ്പ 2 ദി റൂൾ, ഗുണ്ടുർ കാരം, കൽക്കി എന്നീ സിനിമകളേക്കാൾ താഴെയാണ് ഇപ്പോൾ റേറ്റിംഗിൽ ഗെയിം ചേഞ്ചർ ഉള്ളത്

dot image

തെന്നിന്ത്യൻ സൂപ്പർ താരം രാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ഗെയിം ചെയ്ഞ്ചർ’. വൻ ഹൈപ്പിൽ വമ്പൻ ബഡ്ജറ്റിൽ എത്തിയ സിനിമ തിയേറ്ററിൽ നിരാശയാണ് സമ്മാനിച്ചത്. മോശം പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിന്റെ തിരക്കഥയ്ക്കും സംവിധായകൻ ഷങ്കറിനും വലിയ വിമർശനങ്ങളാണ് ലഭിച്ചത്. ഒടിടിയിലും കാര്യമായ ചലനമുണ്ടാക്കാൻ സിനിമയ്ക്ക് സാധിച്ചിരുന്നില്ല. അടുത്തിടെയാണ് ചിത്രം ടിവിയിൽ പ്രീമിയര്‍ ചെയ്തത്. എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ് ചിത്രത്തിന്റെ റേറ്റിംഗ്.

5.02 ടിആർപി ആണ് ഗെയിം ചേഞ്ചറിന് ലഭിച്ചിരിക്കുന്നത്. സീ തെലുങ്കിലാണ് ഈ ചിത്രം പ്രീമിയർ ചെയ്തത്. വളരെ മോശം റേറ്റിംഗ് ആണിതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ചിത്രത്തിന് തിയേറ്ററിൽ നിന്ന് ലഭിച്ച വലിയ തോതിലുള്ള നെഗറ്റീവ് അഭിപ്രായവും ഐപിഎല്ലിൽ നിന്നുള്ള കടുത്ത വെല്ലുവിളിയും ഒക്കെ ചിത്രത്തിന്റെ ടിആർപിയെ വലിയ തോതിൽ ബാധിച്ചെന്നാണ് കണക്കുകൂട്ടൽ. പുഷ്പ 2 ദി റൂൾ, ഗുണ്ടുർ കാരം, കൽക്കി എന്നീ സിനിമകളേക്കാൾ താഴെയാണ് ഇപ്പോൾ റേറ്റിംഗിൽ ഗെയിം ചേഞ്ചർ ഉള്ളത്.

ജനുവരി 10 ന് പൊങ്കൽ റിലീസായാണ് ഗെയിം ചേഞ്ചർ തിയേറ്ററുകളിലെത്തിയത്. 450 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം തിയേറ്ററുകളിൽ വലിയ പരാജയം ഏറ്റുവാങ്ങി. ചിത്രത്തിന് കേരളത്തിലും നേട്ടമുണ്ടാക്കാനായില്ല. ഒരു ഷങ്കർ ചിത്രം കേരളത്തിൽ നിന്ന് നേടുന്ന ഏറ്റവും കുറഞ്ഞ കളക്ഷൻ ആണ് ഗെയിം ചേഞ്ചറിൻ്റേത്. 80 ലക്ഷം മാത്രമാണ് ചിത്രത്തിന് കേരളത്തിൽ നിന്ന് നേടാനായത്. രാം ചരണ്‍ നായകനായി എത്തുമ്പോള്‍ കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികാവേഷത്തില്‍ എത്തിയത്. അഞ്ജലി, എസ് ജെ സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീന്‍ ചന്ദ്ര, സുനില്‍, ശ്രീകാന്ത്, ജയറാം എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് ചിത്രം നിർമിച്ചത്.

Content Highlights: Game changer TRP rating shocks industry

dot image
To advertise here,contact us
dot image