
മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. സിനിമയുടെ ആദ്യം മുതലുള്ള ഹൈപ്പിന് ഒരു കാരണം ശോഭന - മോഹൻലാൽ കോമ്പിനേഷൻ തന്നെ ആയിരുന്നു. ശോഭനയുടെ കാസ്റ്റിംഗിൽ ആദ്യം ഞെട്ടിയത് മോഹൻലാൽ ആണെന്ന് പറയുകയാണ് സിനിമയുടെ നിർമാതാവ് രഞ്ജിത്. ഒരു സിനിമയ്ക്ക് വിളിച്ചാലും വരില്ലെന്നും അവർ എങ്ങനെ സമ്മതിച്ചു എന്നുമാണ് മോഹൻലാൽ ചോദിച്ചതെന്ന് രഞ്ജിത് പറഞ്ഞു. വൺ ടു ടോക്കിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
'ഓരോ ദിവസവും നായിക ആരാണ് റെഡി ആയോ എന്ന ചോദിച്ച് ചേട്ടൻ വിളിക്കാറുണ്ട്. ഓരോ പേര് പറയുമ്പോഴും അവരെ നോക്ക് എന്ന പറയും. ഒരിക്കലും ശോഭനയെ അഭിനയിക്കാൻ കിട്ടുമെന്ന് ചേട്ടൻ അറിയുന്നില്ല. ഞാൻ ശോഭന കമ്മിറ്റ് ചെയ്തത്തിന് ശേഷം മാത്രമേ പറഞ്ഞിട്ടുള്ളൂ. ശോഭന ഓക്കേ ആയിട്ടുണ്ട് എന്ന്. ദൈവമേ ഇവർ എങ്ങനെ സമ്മതിച്ചു, എല്ലാ സിനിമയ്ക്കും വിളിച്ച് നോക്കുന്നതാണ് വരൂല്ല എന്ന് പറഞ്ഞു. അപ്പോഴാണ് ശോഭനയുടെ ഡാൻസ് ക്ലാസ്സിന്റെ കാര്യം ചേട്ടൻ പറയുന്നത്.
ഞാൻ അതെല്ലാം ഓക്കെ ആക്കി മാനേജ് ചെയ്ത് നമുക്ക് ചെയ്യാം എന്ന് പറഞ്ഞു. നല്ല കാസ്റ്റിംഗ് ആണ് ഇനി ഒന്നും ആലോചിക്കേണ്ട എന്ന് പറഞ്ഞ ഒരാളാണ് ലാലേട്ടൻ. ശോഭനയെ കാസറ്റ് ചെയ്ത വാർത്ത വരുമ്പോൾ തന്നെ കേരളം ആഘോഷിച്ചു. ഇതൊരു വലിയ കോമ്പിനേഷൻ ആണ്. നമ്മൾ വർഷങ്ങളായി കണ്ട ജോഡികൾ ആയിരുന്നു. അതുകൊണ്ട് തന്നെ ഈ സിനിമയുടെ ഏറ്റവും വലിയ വാർത്തയും ഭാഗ്യവും അതായിരുന്നു,' രഞ്ജിത് പറഞ്ഞു.
സിനിമയിൽ ലളിത എന്ന വേഷത്തിലാണ് ശോഭന എത്തിയിരുന്നത്. നിറ കയ്യടിയോടെയാണ് ഷണ്മുഖന്റെയും ലളിതയുടെയും സീനുകൾ ആരാധകർ ഏറ്റെടുത്തത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.
Content Highlights: Ranjith says Mohanlal was the first to be shocked by Shobhana's casting