
മലയാളത്തിലെ ഹിറ്റ് സംവിധായകരിൽ ഒരാളാണ് ജയരാജ്. മമ്മൂട്ടിയെ നായകനാക്കി ജയരാജ് 1992 ൽ സംവിധാനം ചെയ്ത സിനിമയായിരുന്നു ജോണി വാക്കർ. ഈ സിനിമയിലെ 'ശാന്തമീ രാത്രിയിൽ' എന്ന് തുടങ്ങുന്ന ഗാനത്തിന് ഇപ്പോഴും ആരാധകർ ഏറെയാണ്. ഗിരീഷ് പുത്തഞ്ചേരി രചിച്ച് എസ് പി വെങ്കിടേഷ് സംഗീതം നല്‍കിയ ഗാനത്തിന് കൊറിയോഗ്രഫി ചെയ്തത് പ്രഭുദേവയായിരുന്നു.
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ 'തുടരു'മിലും ശാന്തമീ രാത്രിയുടെ റീമേക്ക് ഉള്‍പ്പെടുത്തിയിരുന്നു. പാട്ടിനൊത്ത് മോഹന്‍ലാല്‍ നൃത്തം ചെയ്യുന്ന രംഗം തിയേറ്ററിനകത്ത് വലിയ ഓളമാണ് സൃഷ്ടിച്ചത്. ഇതോടെ വീണ്ടും ചര്‍ച്ചയായ 'ശാന്തമീ രാത്രിയില്‍' എന്ന ഗാനവുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ ജയരാജ്. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ചെന്നൈയിലെ ധരണി സ്റ്റുഡിയോയിൽ വച്ചാണ് ജോണി വാക്കർ സിനിമയിലെ പാട്ടുകൾ എഴുതാൻ ഞങ്ങൾ ഇരുന്നത്. ആദ്യം ചർച്ച ചെയ്തത് ഈ പാട്ടായിരുന്നു. ആദ്യത്തെ വരി വ്യത്യസ്തമായിരിക്കണമെന്ന് ഞാൻ ഗിരീഷിനോട് പറഞ്ഞു. പക്ഷെ എത്ര ചിന്തിച്ചിട്ടും ആദ്യത്തെ വാക്ക് കിട്ടിയില്ല. ഒടുക്കം ഗിരീഷ് എന്റെയെടുത്ത് ' ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ കൊണ്ടുവാ' ഈ ലൈൻ എങ്ങനെയുണ്ടെന്ന് ചോദിച്ചു. അതായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. ഒറ്റ മണിക്കൂറിൽ പാട്ട് പൂർത്തിയായി.
പ്രഭുദേവ ആയിരുന്നു ഈ പാട്ടിന് കൊറിയോഗ്രാഫി ചെയ്തത്. മമ്മൂക്കയെ അതിമനോഹരമായി പ്രസെന്റ് ചെയ്ത പാടാണിതെന്ന് പലരും പറഞ്ഞു. ആ പാട്ടിന് ഇപ്പോഴും ഓളമുണ്ടെന്ന് തുടരും കണ്ടപ്പോൾ മനസിലായി. ആ പാട്ട് വന്നപ്പോഴും മോഹൻലാൽ പാട്ടിന് ഡാൻസ് ചെയ്തപ്പോഴും തിയേറ്ററിൽ ഗംഭീര കയ്യടിയായിരുന്നു,' ജയരാജ് പറഞ്ഞു.
Content Highlights: Jayaraj shares memories of the song Shantami Ratri from the Johnnie Walker movie