'എല്ലാവരുടെയും കണ്ണൊക്കെ നിറഞ്ഞിരിക്കുന്നല്ലോ'; 'സർക്കീട്ട്' പ്രതികരണങ്ങളിൽ സന്തോഷമറിയിച്ച് ആസിഫ്

'എല്ലാ മാതാപിതാക്കളും കണ്ടിരിക്കേണ്ട സിനിമയാണ് ഇത്'

dot image

സിഫ് അലി നായകനാകുന്ന പുതിയ ചിത്രം സർക്കീട്ടിന്റെ ആദ്യ ഷോകൾ പൂർത്തിയാകുമ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ ആദ്യ ഷോ കാണാൻ ആസിഫും എത്തിയിരുന്നു. ഷോയ്ക്ക് ശേഷമുള്ള ആസിഫിന്റെ പ്രതികരണം വൈറലാകുന്നുണ്ട്. ഈ സിനിമയിലെ ഇമോഷൻസ് എല്ലാ പ്രേക്ഷകർക്കും ലഭിച്ചു എന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നാണ് നടൻ പറഞ്ഞത്.

'എല്ലാ പ്രേക്ഷകർക്കും ഈ സിനിമയിലെ ഇമോഷൻസ് കണക്ടാകുന്നു എന്ന് കാണുമ്പോൾ സന്തോഷം. എല്ലാവരുടെയും കണ്ണൊക്കെ നിറഞ്ഞിരിക്കുന്നല്ലോ. എല്ലാ മാതാപിതാക്കളും കണ്ടിരിക്കേണ്ട സിനിമയാണ് ഇത് എന്നാണ് എനിക്ക് തോന്നുന്നത്. കുട്ടികൾക്കൊപ്പം ഇരുന്ന് കാണുമ്പോഴാണ് ആ ഇമോഷൻ എല്ലാവർക്കും ഒരുപോലെ കിട്ടുക,' ആസിഫ് അലി പറഞ്ഞു.

പ്രേക്ഷകരുടെ കണ്ണും മനസ്സും നിറയ്ക്കും വിധം വൈകാരികമായ ചിത്രമാണ് സർക്കീട്ട് എന്നാണ് ആദ്യ ഷോകൾക്ക് ശേഷം സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്. ആസിഫ് അലിയുടെ അഭിനയമികവ് തന്നെയാണ് സിനിമയുടെ പ്രധാന പ്ലസ് പോയന്റായി പലരും പറയുന്നത്. അമീർ എന്ന കാഥാപാത്രമായി നടൻ ജീവിച്ചു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഈ തലമുറയിലെ മികച്ച നടന്മാരുടെ പട്ടികയിൽ ആസിഫ് മുൻപന്തിയിൽ തന്നെയുണ്ടാകും എന്നും പ്രേക്ഷകർ പറയുന്നു. ആസിഫിനൊപ്പം തന്നെ ബാലതാരം ഓര്‍ഹാന്റെ പ്രകടനത്തിനും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.

താമറിന്റെ സംവിധാന മികവിനും ഗോവിന്ദ് വസന്തയുടെ സംഗീതത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച 'ആയിരത്തൊന്നു നുണകൾ' എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന ചിത്രമാണ് സർക്കീട്ട്. താമർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.

ദിവ്യ പ്രഭ, ദീപക് പറമ്പോല്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. മികച്ച അഭിപ്രായത്തോടെ പ്രേക്ഷകർ ഏറ്റെടുത്ത പൊൻമാൻ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.

സര്‍ക്കീട്ടിന്‍റെ അണിയറ പ്രവര്‍ത്തകര്‍: ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം - വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി, ലൈൻ പ്രൊഡക്ഷൻ - റഹിം പിഎംകെ, പോസ്റ്റർ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ (ഇല്ലുമിനാർട്ടിസ്റ്റ് ക്രീയേറ്റീവ്സ്), സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: Asif Ali response after the first show of Sarkeett movie

dot image
To advertise here,contact us
dot image