
തമിഴ് ഇൻഡസ്ട്രി ഒട്ടാകെ കാത്തിരിക്കുകയാണ് ലോക്ഷ് കനകരാജ്-രജനികാന്ത് ടീമിന്റെ കൂലി എന്ന സിനിമയ്ക്കായി. തമിഴകത്തെ തന്നെ പല റെക്കോർഡുകളും സിനിമ മറികടക്കുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. വിവിധ ഭാഷകളിലെ താരങ്ങൾ അണിനിരക്കുന്ന ഈ സിനിമയുടെ ബജറ്റ് സംബന്ധിച്ചും രജനികാന്തും സംവിധായകനും വാങ്ങുന്ന പ്രതിഫലം സംബന്ധിച്ചും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
മണി കണ്‍ട്രോളിന്റെ റിപ്പോര്‍ട്ട് പ്രകാരം 400 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ഇതിന്റെ സിംഹഭാഗവും രജനികാന്തിന്റെ പ്രതിഫലം തന്നെയാണ്. 260- 280 കോടിയാണ് രജനികാന്ത് ഈ സിനിമയ്ക്കായി വാങ്ങുന്നത് എന്നാണ് റിപ്പോർട്ട്. 60 കോടിയാണ് ഈ സിനിമയ്ക്കായി സംവിധായകൻ ലോകേഷ് കനകരാജ് വാങ്ങുന്നത് എന്നും സൂചനകളുണ്ട്. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഓഗസ്റ്റ് 14 നാണ് കൂലി തിയേറ്ററുകളിലെത്തുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.
ഈ ചിത്രത്തിന് പുറമെ ജയിലർ 2 എന്ന സിനിമയും രജനികാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2 ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അനിരുദ്ധ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം.
Content Highlights: New Reports regarding the budget of coolie and remunaration of Rajinikanth and Lokesh Kanagaraj