

അശ്വത് മാരിമുത്തു സംവിധാനം ചെയ്ത് പ്രദീപ് രംഗനാഥൻ സംവിധാനം ചെയ്ത സിനിമയാണ് ഡ്രാഗണ്‍. മികച്ച അഭിപ്രായം നേടി മുന്നേറുന്ന സിനിമ ഇതിനോടകം 100 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു. ചിത്രത്തിലെ പ്രദീപിന്റെ പ്രകടനത്തിനും വലിയ കയ്യടികളാണ് ലഭിക്കുന്നത്. അതിനിടെ ധനുഷിനെ അനുകരിക്കാനുള്ള ശ്രമങ്ങളാണ് പ്രദീപ് നടത്തുന്നതെന്നുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. രൂപത്തില്‍ ധനുഷിനോടുള്ള സാമ്യമടക്കമാണ് വിമര്‍ശകര്‍ ആവര്‍ത്തിക്കുന്നത്. ഇപ്പോഴിതാ ഡ്രാഗണിന്റെ തെലുങ്ക് സക്സസ് മീറ്റിൽ അത്തരമൊരു ചോദ്യത്തിനോട് പ്രതികരിച്ചിരിക്കുകയാണ് പ്രദീപും സംവിധായകൻ അശ്വതും.
'ഞാൻ കണ്ണാടിയിൽ നോക്കുമ്പോൾ എന്നെ മാത്രമാണ് കാണുന്നത്. എന്റെ രണ്ടും സിനിമകളും നല്ല രീതിയിൽ ഓടി പ്രേക്ഷകർ ഏറ്റെടുത്തു. ഞാൻ നന്നായി തന്നെ ചെയ്യുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്', എന്നാണ് പ്രദീപ് രംഗനാഥൻ പറഞ്ഞത്. നിങ്ങളെ കാണാൻ ധനുഷ് സാറിനെ പോലെയുണ്ടല്ലോ. അത് നിങ്ങൾക്ക് പ്ലസ് ആണോ മൈനസ് ആണോ എന്നാണ് ഒരു റിപ്പോർട്ടറുടെ ചോദ്യത്തിനായി പ്രദീപ് പ്രതികരിച്ചത്. പ്രദീപിനെ അനുകൂലിച്ച് സംവിധായകൻ അശ്വത് മാരിമുത്തുവുമെത്തി.
'നിങ്ങളുടെ കണ്ണിൽ മാത്രമാണ് അദ്ദേഹത്തെ ധനുഷ് ആയി തോന്നുന്നത്. എന്റെ കണ്ണിൽ അദ്ദേഹം പ്രദീപ് രംഗനാഥൻ മാത്രമാണ്. പുറത്തു ഇങ്ങനെ ഒരു കമ്പാരിസൺ നടക്കുന്നത് കൊണ്ട് മാത്രമാണ് നിങ്ങൾ ഇത്തരമൊരു ചോദ്യം ചോദിച്ചത്. പ്രദീപ് രംഗനാഥൻ, പ്രദീപ് മാത്രമാണ്', എന്നാണ് അശ്വത് മാരിമുത്തു പറഞ്ഞത്.
ലവ് ടുഡേ എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ചിത്രമാണ് ഡ്രാഗൺ. റൊമാന്റിക് കോമഡി ജോണറിലുള്ള ചിത്രമാണിത്. അനുപമ പരമേശ്വരൻ, കയദു ലോഹർ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.
Content Highlights: Ashwath Marimuthu and Pradeep Ranganadhan talks about comparison with Dhanush