'മെയ്ഡേ, മെയ്ഡേ! ഞങ്ങൾ 10,000 അടി താഴേക്ക് കൂപ്പുക്കുത്തുകയാണ്'; കോക്ക്പിറ്റിൽ നിന്നുള്ള അവസാന സന്ദേശം

അമേരിക്കയിൽ സ്വകാര്യ വിമാനം തകർന്നുവീണ് ഒമ്പത് പേർ കൊല്ലപ്പെട്ട സംഭവത്തിൽ വിമാനത്തിലെ അവസാന കോക്ക്പിറ്റ് സന്ദേശം പുറത്ത്

'മെയ്ഡേ, മെയ്ഡേ! ഞങ്ങൾ 10,000 അടി താഴേക്ക് കൂപ്പുക്കുത്തുകയാണ്'; കോക്ക്പിറ്റിൽ നിന്നുള്ള അവസാന സന്ദേശം
dot image

ഫ്ലോറിഡ: അമേരിക്കയിൽ സ്വകാര്യ വിമാനം തകർന്നുവീണ് ഒമ്പത് പേർ കൊല്ലപ്പെട്ട സംഭവത്തിൽ വിമാനത്തിലെ അവസാന കോക്ക്പിറ്റ് സന്ദേശം പുറത്ത്. അപകടത്തിന് നിമിഷങ്ങൾക്ക് മുമ്പ് റെക്കോർഡ് ചെയ്ത എയർ ട്രാഫിക് കൺട്രോൾ ഓഡിയോയിൽ വിമാനം മിനിറ്റിൽ 10,000 അടി വേഗത്തിൽ താഴേക്ക് പതിക്കുകയാണെന്ന് പൈലറ്റ് പറയുന്നതായി കേൾക്കാം. തുടർന്ന് പൈലറ്റ് അടിയന്തര മുന്നറിയിപ്പ് നൽകുകയായിരുന്നു.

'722 ബ്രാവോ ഡെൽറ്റ… ഞങ്ങൾ 8,000 അടി താഴേക്ക് പരിക്കുകയാണ്, മെയ്ഡേ, മെയ്ഡേ! ഞങ്ങൾ മിനിറ്റിൽ 10,000 അടി താഴേക്ക് കൂപ്പുക്കുത്തുകയാണ്!', എന്നാണ് പൈലറ്റ് പറയുന്നത്. ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോളർ അവരെ സഹായിക്കാൻ ശ്രമിച്ചു. 'ഞാൻ നിങ്ങളോടൊപ്പമുണ്ട്. എന്നോട് സംസാരിക്കൂ' എന്ന് പറഞ്ഞുകൊണ്ട് കൺട്രോളർ പൈലറ്റുമാരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് വിമാനം അമിത വേഗതയിലാണെന്നും മിനിറ്റിൽ 20,000 അടി വേഗത്തിൽ താഴേക്ക് കൂപ്പക്കുത്തുകയാണന്നും പൈലറ്റ് റിപ്പോർട്ട് ചെയ്തു. വിമാനത്തിൻ്റെ നിയന്ത്രണം വീണ്ടെടുക്കാൻ പൈലറ്റ് പാടുപെടുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പ് ശബ്ദങ്ങൾ കേൾക്കാമായിരുന്നു. ഉടൻ തന്നെ സ്ഥിതി കൂടുതൽ വഷളായി. തുടർന്ന്, 'ഞങ്ങൾ നിലത്തേക്ക് ഇടിച്ചിറങ്ങാൻ പോകുന്നു, 722 ബ്രാവോ ഡെൽറ്റ,' എന്ന് പൈലറ്റ് പറയുന്നതും കേൾക്കാം. പിന്നാലെ മിനിറ്റിൽ 22,000 അടി താഴേക്ക് വിമാനം 60 ഡിഗ്രിയിൽ കൂപ്പുക്കുത്തുന്നതായി ക്രൂ റിപ്പോർട്ട് ചെയ്തു. തുടർന്നുള്ള ഓഡിയോയിൽ കോക്ക്പിറ്റിൽ ബഹളവും നിലവിളിയും കേൾക്കാമായിരുന്നു. അധികം വൈകാതെ ഓഡിയോ ട്രാൻസ്മിഷൻ അവസാനിച്ചു.

ഞായറാഴ്ചയാണ് ഒമ്പത് പേരുമായി യാത്ര ചെയ്ത സ്വകാര്യ ലിയർജെറ്റ് 60 തകർന്നുവീണ് അപകടമുണ്ടായത്. ടെക്സസിലെ ഓസ്റ്റിനിൽ നിന്ന് ബഹാമാസിലേക്ക് പറക്കുന്നതിനിടയിലാണ് അപകടം. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ച് പ്രദേശത്ത ഒരു റെസിഡൻഷ്യൽ ഏരിയയിലാണ് വിമാനം കൂപ്പുകുത്തിയത്. ആഘാതത്തിൽ വിമാനം പൊട്ടിത്തെറിച്ചു. വിമാനത്തിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചതായി ഗതാഗത സെക്രട്ടറി ഷോൺ ഡഫി സ്ഥിരീകരിച്ചു. അപകടം ഉണ്ടായ ഉടനെ പൊലീസ് സമീപത്തെ റോഡുകൾ അടച്ചു. അഗ്നിശമന സേനാംഗങ്ങളും മറ്റ് അടിയന്തര സംഘങ്ങളും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി.

Also Read:

Flames rise following an aircraft incident in Palm Beach County, Florida.
വിമാന അപകടം സംഭവിച്ച സ്ഥലം

പാം ബീച്ച് കൗണ്ടിയില്‍ സ്ഥിതി ചെയ്യുന്ന, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ റിസോര്‍ട്ടായ 'മാര്‍-എ-ലാഗോ'യില്‍ നിന്ന് ഏകദേശം 14 കിലോമീറ്റര്‍ അകലെയുള്ള 'ക്രസ്റ്റ്ഹാവന്‍' എന്ന പ്രദേശത്തിന് സമീപമാണ് അപകടം നടന്നത്. അപകടത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ജെറ്റ് വളരെ വേഗത്തില്‍ ഭൂമിയിലേക്ക് പതിക്കുന്നതും നിമിഷനേരം കൊണ്ട് തീഗോളമായി മാറുന്നതും ദൃശ്യത്തില്‍ കാണാം. വിമാനം പതിച്ചതിന്റ ആഘാതത്തില്‍ റോഡില്‍ വലിയൊരു ഗര്‍ത്തം രൂപപ്പെടുന്ന സാഹചര്യമുണ്ടായി.

സംഭവത്തിന് പിന്നാലെ സമീപത്തുള്ള ട്രെയിലര്‍-പാര്‍ക്ക് മേഖലയില്‍ നിന്ന് 600 ഓളം താമസക്കാരെ ഒഴിപ്പിക്കുകയാണെന്ന് ഡിസാന്റിസും പ്രാദേശിക ഉദ്യോഗസ്ഥരും അറിയിച്ചു. അപകടത്തിന്റെ ആഘാതത്തില്‍ ജലവിതരണ ലൈനുകള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് വിവരം. റോഡ് വീണ്ടും തുറക്കാന്‍ കുറഞ്ഞത് 30 ദിവസമെങ്കിലും എടുക്കുമെന്നും അവര്‍ വ്യക്തമാക്കി. അപകടം നടന്ന സമയത്ത് ആ പ്രദേശത്ത് ഇടിമിന്നലോട് കൂടിയ മഴയുണ്ടായിരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Content Highlights: Florida Private Jet Crash: Final cockpit audio from a fatal Learjet 60 crash in Florida captures the pilot’s desperate Mayday call as the aircraft rapidly descended

dot image
To advertise here,contact us
dot image