
കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടിയില്‍ എന്‍ഐഎക്ക് വീണ്ടും തിരിച്ചടി. ആറ് സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയ നടപടി കൊച്ചി എന്‍ഐഎ കോടതി റദ്ദാക്കി. 2022ല്‍ പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിന് പിന്നാലെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ സംഭവത്തിലാണ് കോടതിയുടെ പുതിയ തീരുമാനം. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ സ്വത്ത് ഉപയോഗിക്കുന്നു എന്നായിരുന്നു എന്‍ഐഎയുടെ ആരോപണം.
തിരുവനന്തപുരം എജ്യൂക്കേഷന്‍ ട്രസ്റ്റ്, പൂവന്‍ചിറ ഹരിതം ഫൗണ്ടേഷന്‍, ആലുവയിലെ പെരിയാര്‍ വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, പാലക്കാട്ടെ വള്ളുവനാട് ട്രസ്റ്റ് എന്നിവയും വിട്ടുനല്‍കിയ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നു. ആലുവയിലെ വള്ളുവനാട് ഹൗസ്, കാസര്‍കോട്ടെ ചന്ദ്രഗിരി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവ ആയുധ പരിശീലനത്തിനായി ഉപയോഗിച്ചു എന്നായിരുന്നു എന്‍ഐഎയുടെ വാദം.
കഴിഞ്ഞ ജൂണ്‍ മാസത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടി എന്‍ഐഎ കോടതി മുന്‍പ് തന്നെ റദ്ദാക്കിയിരുന്നു. നിലവില്‍ എന്‍ഐഎ കണ്ടുകെട്ടിയ സ്വത്തുക്കളെല്ലാം സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണ് എന്നാണ് കൊച്ചി എന്‍ഐഎ കോടതി വ്യക്തമാക്കുന്നത്. സ്വത്തുക്കള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധം പ്രത്യക്ഷത്തില്‍ തെളിയിക്കാന്‍ കഴിയാത്തതും എന്‍ഐഎയ്ക്ക് തിരിച്ചടിയായി.
Content Highlight: NIA suffers setback in confiscation of assets of Popular Front