ആളില്ലാത്ത സമയം വീട്ടിൽ കയറി സ്വർണവും ഡോളറും കവർന്ന് മിടുക്കനായി; പക്ഷെ വിരലടയാളം ചതിച്ചു

കോടതിയിൽ ഹാജരാക്കിയ പ്രതി നിലവിൽ റിമാൻഡിലാണ്

ആളില്ലാത്ത സമയം വീട്ടിൽ കയറി സ്വർണവും ഡോളറും കവർന്ന് മിടുക്കനായി; പക്ഷെ വിരലടയാളം ചതിച്ചു
dot image

മോനിപ്പള്ളി: കോട്ടയത്തെ മോനിപ്പള്ളിയിൽ ആളില്ലാത്ത സമയം കയറി സ്വർണവും പണവും മോഷ്ടിച്ചയാൾ പൊലീസ് പിടിയിൽ. കരിമാക്കിൽ സോജൻ വർഗീസാണ് പൊലീസിന്റെ വലയിൽ കുടുങ്ങിയത്. ഇക്കഴിഞ്ഞ ജനുവരി 25നാണ് മോഷണം നടന്നത്. പയസ്മൗണ്ട് ഭാഗത്തെ വേരമ്മനാൽ വീട്ടിൽ കുടുംബാംഗങ്ങൾ പള്ളിയിൽ തിരുനാളിന് പോയ സമയം വീടിന്റെ മുൻവാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. വീട്ടിനുള്ളിലെ കബോർഡും അലമാരയും തുറന്ന് മൂന്നര പവൻ സ്വർണവും 20,800രൂപയും നൂറു ഡോളറും ഇയാൾ കവർന്നു.

സംഭവത്തിൽ കുറവിലങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദർ ഉൾപ്പെടെയുള്ള സംഘങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. എന്നാൽ പ്രതിയെ കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചില്ല. ഇതിനിടെ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഉഴവൂർ പയസ്മൗണ്ട് ഭാഗത്ത് രാത്രിയിൽ പുറത്തിറങ്ങിയ വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന കേസിൽ ഇയാൾ പിടിയിലാവുന്നത്.

തുടർന്ന് കോട്ടയം ജില്ലാ ഫിംഗർ പ്രിന്റ് ബ്യൂറോ നടത്തിയ പരിശോധനയിൽ മോഷണം നടന്നയിടത്തെ വിരലടയാളങ്ങൾ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയായ സോജന്റെ വിരലടയാളവുമായി ചേർച്ചയുള്ളതായി വ്യക്തമായി. ഇതോടെ മോഷണക്കേസിലെ പ്രതി സോജനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഉറപ്പാക്കി. ഇതോടെ ഉഴവൂരിൽ നിന്നും പിടിയിലായ പ്രതി മോഷണ കുറ്റം ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതി നിലവിൽ റിമാൻഡിലാണ്.

Content Highlights: A burglary was reported from a residence in Monippally in Kottayam, where gold, cash, and US dollars were stolen

dot image
To advertise here,contact us
dot image