

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷ മേഖലയിൽ തുടരുന്ന അമേരിക്കൻ സൈനികർക്ക് ഭക്ഷണ ക്ഷാമം നേരിടുന്നുണ്ടെന്ന് റിപ്പോർട്ട്. ഇറാനെ വളഞ്ഞ അമേരിക്കൻ യുദ്ധക്കപ്പലിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് കൊടുക്കുന്ന ഭക്ഷണത്തിൽ കാര്യമായി ഒന്നുമില്ലെന്നാണ് റിപ്പോർട്ട്. യുഎസ്എ ടുഡെ എന്ന മാധ്യമമാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ടോർട്ടിലയും മീറ്റും മാത്രമുള്ള പ്ലേറ്റിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. പ്ലേറ്റിലെ ബാക്കിയുള്ള അറകൾ ശൂന്യമാണെന്നും പുറത്ത് വന്ന ചിത്രത്തിൽനിന്നു മനസ്സിലാക്കാം.
യുഎസ്എസ് എബ്രഹാം ലിങ്കണിൽ ജോലി ചെയ്യുന്നൊരാളുടെ പ്ലേറ്റിന്റെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ഇതിൽ ഡ്രൈ മീറ്റ് പാറ്റിയും വേവിച്ച കാരറ്റും പ്രോസസ്‌ഡ് മീറ്റ് സ്ലാബും മാത്രമാണ് കാണാനാകുന്നത്. ഡിപ്ലോയ്മെന്റ് ആയതിനാൽ ഭക്ഷണം കുറവാണ് കിട്ടുന്നതതെന്ന് കുടുംബാംഗങ്ങളോട് ഇവർ പറഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ടിൽ. വളരെക്കുറവാണ് കിട്ടുന്നതെന്നും എല്ലാവരും ഒരുപോലെ പങ്കുവച്ചാണ് കഴിക്കുന്നതെന്നും ഇവർ കുടുംബത്തെ അറിയിച്ചു. മനോവീര്യം എക്കാലത്തെയും താഴ്ന്ന നിലയിൽ ആകുമെന്നും ഇവർ പറയുന്നു.
ഇറാനെതിരെ യുദ്ധത്തിൽ പങ്കെടുക്കാനാണ് യുഎസ്എസ് ട്രിപ്പൊളിയും എബ്രഹാം ലിങ്കണും അടക്കമുള്ള യുദ്ധക്കപ്പലുകൾ മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. നാവികരും മറീനുകളുമായി 3,500ൽ പരം ആളുകൾ ഈ യുദ്ധക്കപ്പലുകളിൽ ഉണ്ടെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിരുന്നു. ഇറാന്റെ തുറമുഖങ്ങളിൽ നിന്ന് വരുന്ന കപ്പലുകളെ ഉപരോധിക്കുകയാണ് ഇവരുടെ പ്രധാന ചുമതല.
കപ്പലുകളിൽ സേവനം ചെയ്യുന്നവർക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും വ്യക്തിഗത സാധനങ്ങളും കുടുംബങ്ങൾ അയച്ചുകൊടുക്കുന്നുണ്ടെങ്കിലും പല ഷിപ്‌മെൻ്റുകളും ഇവരുടെ അടുത്തേക്ക് ഇതുവരെ എത്തിയിട്ടില്ല. മേഖലയിലെ സംഘർഷം മൂലം വ്യോമ ഗതാഗതം പലയിടത്തും നിർത്തിവച്ചത് യുഎസ് പോസ്‌റ്റൽ സർവീസിനെ ബാധിച്ചിരുന്നു. 27 സൈനിക കേന്ദ്രങ്ങളിലേക്കുള്ള സർവീസുകൾ യുഎസ് പോസ്‌റ്റൽ സർവീസ് ഏപ്രിൽ മുതൽ നിർത്തിവച്ചിരിക്കുകയാണ്.
Content Highlights: US troops in Middle East conflict zone facing food shortages, report says