

നീലപ്പടയ്ക്ക് തങ്ങളുടെ സെമി പ്രതീക്ഷകൾക്ക് തിരിച്ചടിയായി 2026 ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ 76 റൺസിന്റെ തോൽവി. മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് അടിച്ചെടുത്തത്. 45 റൺസുമായി ഡെവാൾഡ് ബ്രെവിസും 63 റൺസുമായി ഡേവിഡ് മില്ലറുമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയെങ്കിലും മറ്റ് ബൗളർമാർ നിരാശപ്പെടുത്തി.
സെമിയിലേക്ക് എത്താൻ സൂര്യകുമാറിനും സംഘത്തിനും ഇനിയുള്ള രണ്ട് മത്സരങ്ങളിലും വിജയിക്കുക എന്നതാണ് മുന്നിലുള്ള ആദ്യ വഴി. സൂപ്പർ 8-ലെ ശേഷിക്കുന്ന എതിരാളികളായ സിംബാബ്‍വേയ്ക്കും വെസ്റ്റ് ഇൻഡീസിനുമെതിരെ വിജയിച്ചാൽ ഇന്ത്യയ്ക്ക് നാല് പോയിന്റുകൾ ലഭിക്കും. എങ്കിലും, മറ്റു ടീമുകളുടെ പ്രകടനവും ഇന്ത്യയുടെ വിധി നിർണയിച്ചേക്കാം. ദക്ഷിണാഫ്രിക്ക അവരുടെ ഇനിയുള്ള മത്സരങ്ങളിൽ ഒരെണ്ണം പരാജയപ്പെടുകയും, വിൻഡീസ് - സിംബാബ്‍വേ മത്സരത്തിലെ ജേതാവ് ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തികുകയും ചെയ്താൽ മൂന്ന് ടീമുകൾക്ക് 4 പോയിന്റ് വീതമാവുകയും, നെറ്റ് റൺറേറ്റ് സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതിൽ അടിസ്ഥാനമാവുകയും ചെയ്യും.
മറ്റൊന്ന് ഇന്ത്യ ശേഷിക്കുന്ന മത്സരത്തിലെ ഒരു മത്സരം മാത്രം വിജയിക്കുന്നതാണ്. അങ്ങനെ വന്നാൽ ഇന്ത്യയുടെ സെമി പ്രവേശം തികച്ചും സങ്കീർണ്ണമാകും. അങ്ങനെ വരുമ്പോൾ ദക്ഷിണാഫ്രിക്ക അവരുടെ എല്ലാ മത്സരങ്ങളും ജയിക്കുക എന്നത് ഇന്ത്യയുടെ ആവശ്യമായി വരും. മാത്രമല്ല,വെസ്റ്റ് ഇൻഡീസ് - സിംബാബ്‍വേ മത്സരത്തിലെ വിജയിയെ തന്നെ ഇന്ത്യ തോൽപ്പിക്കുകയും വേണം. എങ്കിലും സെമി ഫൈനലിസ്റ്റുകളെ നിർണയിക്കുന്നതിൽ നെറ്റ് റൺറേറ്റ് തന്നെയാകും നിർണ്ണായക ഘടകം.
ഫെബ്രുവരി 23-ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസും സിംബാബ്‍വേയും തമ്മിലുള്ള പോരാട്ടം നടക്കും. ഫെബ്രുവരി 26-നാണ് ഇന്ത്യ - സിംബാബ്‍വേ പോരാട്ടം. അതേ ദിവസം തന്നെ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇൻഡീസിനേയും നേരിടും. മാർച്ച് ഒന്നിന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വച്ച് നടക്കുന്ന വെസ്റ്റ് ഇൻഡീസ് - ഇന്ത്യ പോരാട്ടമാകും സെമി സാധ്യതകളിൽ അന്തിമ തീരുമാനമെടുക്കുന്നത്.
Content highlight: India's 2026 T20 World Cup semi - final possibility