

2026 ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ പ്രോട്ടിയാസിനോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ അഴിച്ചുപണികൾക്കൊരുങ്ങി ടീം. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിൽ 26ന് നടക്കുന്ന സിംബാബ്‌വെക്കെതിരായ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനില്‍ തിരികെ കൊണ്ടുവരുന്നതിനായുള്ള ഗൗരവമായ ആലോചനയിലാണ് ഇപ്പോൾ മാനേജ്‌മന്റ്. തുടർച്ചയായി പരാജയപ്പെടുന്ന ഓപണർ അഭിഷേക് ശര്‍മക്ക് പകരമായി സഞ്ജു ടീമിലെത്തുയേക്കുമെന്നുള്ള സൂചനകളാണ് അസിസ്റ്റന്‍റ് കോച്ച് റയാൻ ടെൻ ഡോഷെറ്റ് നൽകുന്നത്.
ഇന്നലെ നടന്ന സൂപ്പർ 8 ലെ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ 188 റൺസ് പിന്തുടർന്ന ഇന്ത്യയ്ക്ക് 111 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി എന്തെന്ന് അറിയാതെയായിരുന്നു ഇന്ത്യയുടെ കുതിപ്പ്. എങ്കിലും ടൂർണമെന്റിലുടനീളം ഇന്ത്യയെ വേട്ടയാടുന്ന ഓപ്പണിംഗ് പ്രതിസന്ധി ഈ മത്സരത്തിലും തുടർന്നതാണ് ടീം മാനേജ്‌മെന്‍റിനെ മാറ്റി ചിന്തിപ്പിക്കാൻ ഇടയാക്കിയത്. ലോകകപ്പില്‍ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും എതിർ ടീമുകൾ പാർട്ട് ടൈം ഓഫ് സ്പിൻ കൊണ്ടാണ് ബൗളിംഗ് ആരംഭിച്ചതെന്ന് മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡോഷെറ്റ് ചൂണ്ടിക്കാട്ടി. യുഎസ്എയ്ക്കെതിരായ മത്സരത്തിൽ റണ്ണെടുക്കുന്നതിന് മുൻപ് തന്നെ അഭിഷേകിനെ നമുക്ക് നഷ്ടമായത് മാറ്റിനിർത്തിയാൽ, ബാക്കി എല്ലാ തവണയും ആ നീക്കം എതിരാളികള്‍ക്ക് വിക്കറ്റ് നൽകി. അങ്ങനെ എല്ലാ ഇന്നിംഗ്‌സിലും പൂജ്യം അല്ലെങ്കിൽ ഒന്നോ രണ്ടോ റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് നമുക്ക് തുടങ്ങേണ്ടി വന്നത്. കളിക്കാർക്ക് ഇത് വലിയ സമ്മർദ്ദമാണ് ഉണ്ടാക്കുതെന്നും ഡോഷെറ്റ് പറഞ്ഞു.
ടീമിൽ പരിചയസമ്പത്ത് കുറഞ്ഞ നിരവധി താരങ്ങളുണ്ടെന്നും ഒരു സ്ഥിരതയുള്ള ടീമിനെയാണ് എപ്പോഴും ആഗ്രഹിക്കുന്നതെന്നും കോച്ച് വ്യക്തമാക്കി. നിലവിലുള്ള താരങ്ങൾ മുമ്പ് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളവരാണ്. അതുകൊണ്ട് തന്നെ പഴയവരിൽ ഉറച്ചുനിൽക്കണോ അതോ മാറ്റം വരുത്തണോ എന്നതാണ് ഇപ്പോൾ മുന്നിലുള്ള ചോദ്യമെന്നും അദ്ദേഹം കൂട്ടിചേർത്തു. 'കഴിഞ്ഞ കുറെ നാളുകളായി മികച്ച പ്രകടനം നടത്തിയവർ ഇപ്പോൾ റൺസ് കണ്ടെത്താൻ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തുന്നതിലെ തന്ത്രപരമായ നേട്ടത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞുവെച്ചു. സഞ്ജു വളരെ മികച്ച താരമാണെന്നും അദ്ദേഹത്തിന്‍റെ സാന്നിധ്യം ടീമിന് ഗുണം ചെയ്യുമെന്നും കോച്ച് വ്യക്തമാക്കി. സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് വരും ദിവസങ്ങളില്‍ കാര്യമായ ചര്‍ച്ചകള്‍ നടക്കുമെന്നും ഡോഷെറ്റ് കൂട്ടിച്ചേർത്തു.
ലോകകപ്പില്‍ മത്സരിച്ച നാല് കളികളിൽ മൂന്ന് തവണ അഭിഷേക് പൂജ്യത്തിന് പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ 12 പന്തില്‍ 15 റണ്‍സെടുത്തായിരുന്നു അഭിഷേക് മടങ്ങിയത്. ടോപ്പ് ഓർഡറിൽ മൂന്നാം നമ്പറിലിറങ്ങുന്ന തിലക് വർമയ്ക്കും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ലോകകപ്പില്‍ നമീബിയക്കെതിരായ മത്സരത്തിൽ കളിച്ച സഞ്ജു 8 പന്തിൽ 22 റൺസുമായി വെടിക്കെട്ട് പ്രകടനം നടത്തിയിരുന്നു. എന്നാൽ 2025-ന് ശേഷമുള്ള സഞ്ജുവിന്‍റെ ഓപ്പണിംഗ് കണക്കുകൾ അത്ര മികച്ചതല്ല എന്നതും മാനേജ്‌മെന്‍റിനെ കുഴപ്പിക്കുന്നുണ്ട്. 12 ഇന്നിംഗ്സുകളിൽ നിന്ന് 13 ശരാശരിയിൽ 156 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്.
സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഫെബ്രുവരി 26-ന് ചെന്നൈയിൽ സിംബാബ്‌വെക്കെതിരെ നടക്കുന്ന മത്സരം ഇന്ത്യക്ക് ജയിച്ചേ തീരൂ. ഈ ജീവൻമരണ പോരാട്ടത്തിൽ സഞ്ജുവിനെ ഓപ്പണറായി ഇറക്കി ഒരു പരീക്ഷണം നടത്തണോ അതോ നിലവിലെ താരങ്ങളിൽ തന്നെ വിശ്വാസമർപ്പിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് ടീം ഇന്ത്യ.
Content highlight: Sanju Samson set for a return coach hints at major lineup change after the loss against South Africa