ഭാര്യ നൽകിയ പരാതിയുടെ വിവരമറിയാൻ പൊലീസ് സ്റ്റേഷനിലെത്തി, കയ്യിൽ ലഹരിയും കത്തിയും; മധ്യവയസ്‌കൻ അറസ്റ്റിൽ

ശബ്ദം കേട്ട് പുറത്തെത്തിയ പൊലീസ് കാര്യമന്വേഷിച്ചപ്പോള്‍ ഇയാള്‍ അക്രമാസക്തനാവുകയായിരുന്നു

ഭാര്യ നൽകിയ പരാതിയുടെ വിവരമറിയാൻ പൊലീസ് സ്റ്റേഷനിലെത്തി, കയ്യിൽ ലഹരിയും കത്തിയും; മധ്യവയസ്‌കൻ അറസ്റ്റിൽ
dot image

കൊല്ലം: ഭാര്യ നല്‍കിയ പരാതിയുടെ വിവരമറിയാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ മധ്യവയസ്കൻ ലഹരിയും കത്തിയുമായി പിടിയിലായി. ആറ്റിങ്ങല്‍ കൊരാണി കെ കെ ഭവനില്‍ സനല്‍ കുമാറിനെയാണ് (51) ചാത്തന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അസ്വാഭാവിക പെരുമാറ്റത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്ന് ഒരു ഗ്രാം എംഡിഎംഎയും കത്തിയും കണ്ടെത്തിയത്.

ഭാര്യയുടെ സഹോദരന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് സനല്‍ കുമാറും ഭാര്യയും ചാത്തന്നൂരില്‍ എത്തിയത്. ചടങ്ങുകള്‍ക്ക് ശേഷം ഇരുവരും തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ സനല്‍ കുമാര്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പരാതി നല്‍കാനായി ഭാര്യ ഓട്ടോറിക്ഷയില്‍ ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചു.

ഇവരെ ഇരുചക്രവാഹനത്തില്‍ പിന്തുടര്‍ന്നാണ് പ്രതിയും പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ സ്റ്റേഷന്‍ മുറ്റത്ത് വെച്ചിരുന്ന ചെടിച്ചട്ടിയില്‍ വാഹനം ഇടിച്ച് ഇയാള്‍ മറിഞ്ഞുവീണു. ശബ്ദം കേട്ട് പുറത്തെത്തിയ പൊലീസ് കാര്യമന്വേഷിച്ചപ്പോള്‍ ഇയാള്‍ അക്രമാസക്തനാവുകയായിരുന്നു. പെരുമാറ്റത്തിലെ അസ്വാഭാവികത തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ദേഹപരിശോധന നടത്തിയപ്പോഴാണ് പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ലഹരി മരുന്നും കത്തിയും കണ്ടെത്തിയത്. മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

Content Highlights- A middle aged man was arrested in Kollam after he reached a police station seeking information about a complaint filed by his wife. The incident was reported in Kollam, Kerala.

dot image
To advertise here,contact us
dot image