

വിജയ്‌യെ നായകനാക്കി പ്രഭുദേവ സംവിധാനം ചെയ്ത ചിത്രമാണ് വില്ല്. ചിത്രത്തിലെ 'വില്ല് വില്ല്' എന്ന ഗാനം വലിയ ഹിറ്റാണ്. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ ഗാനം വർഷങ്ങൾക്കിപ്പുറവും പ്ലേലിസ്റ്റുകൾ ഭരിക്കുകയാണ്. ഇപ്പോഴിതാ ഈ ഗാനത്തിന്റെ കമന്റ് ബോക്സ് ആണ് സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
ഏറെ ആരാധകരുള്ള ഹോളിവുഡ് സീരീസ് ആയ സ്ട്രേഞ്ചർ തിങ്ങ്സ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വലിയ പ്രതീക്ഷകളോടെ പുറത്തുവന്ന സീരിസിന് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. സീരിസിൽ നോഹ ഷ്നാപ്പ് അവതരിപ്പിച്ച വിൽ എന്ന കഥാപാത്രം കയ്യടികൾ നേടുന്നുണ്ട്. നാലാമത്തെ എപ്പിസോഡിൽ വിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് സൂപ്പർപവറുകൾ ലഭിക്കുന്നുണ്ട്. ഈ സീനുകൾക്ക് എല്ലാം മികച്ച അഭിപ്രായങ്ങൾ ലഭിക്കുകയും സോഷ്യൽ മീഡിയയിലൂടെ ട്രെൻഡ് ആകുകയും ചെയ്യുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഈ കഥാപാത്രത്തിന്റെ അതേ പേരുള്ള വിജയ്‌യുടെ 'വില്ല് വില്ല്' എന്ന ഗാനം വൈറലാകാൻ തുടങ്ങിയത്. ഈ വിജയ് ഗാനത്തിന്റെ അകമ്പടിയോടെയുള്ള സ്ട്രേഞ്ചർ തിങ്ങ്സ് എഡിറ്റുകൾ വളരെ പെട്ടെന്നാണ് വൈറലാകാൻ തുടങ്ങിയത്. എന്തായാലും സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ വില്ലിന്റെയും സ്ട്രേഞ്ചർ തിങ്‌സിന്റെയും പിടിയിലാണ്.
സ്ട്രേഞ്ചർ തിങ്ങ്സ് അഞ്ചാം സീസൺ എട്ട് എപ്പിസോഡുകളായി ആണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. മൂന്ന് ഭാഗങ്ങളായിട്ടാണ് ഈ എട്ട് എപ്പിസോഡുകളും പ്രേക്ഷകരിലേക്ക് എത്തുക. ഇതിൽ ആദ്യ ഭാഗമാണ് ഇപ്പോൾ പുറത്തുവന്നത്. ക്രിസ്മസ് സ്പെഷ്യൽ ആയി ഡിസംബർ 25 ന് രണ്ടാം വോളിയം പുറത്തിറങ്ങും. മൂന്ന് എപ്പിസോഡുകളാണ് ഇതിൽ ഉൾപ്പെടുന്നത്. സീരിസിന്റെ അവസാന ഭാഗം ഡിസംബർ 31 ന് പുറത്തുവരും. രണ്ട് മണിക്കൂറോളമാണ് ഈ എപ്പിസോഡിന്റെ ദൈർഘ്യം. സീരിസിന്റെ അവസാന എപ്പിസോഡ് നെറ്റ്ഫ്ലിക്സിനൊപ്പം തിയേറ്ററിൽ പുറത്തിറക്കാനും അണിയറപ്രവർത്തകർ പദ്ധതിയിടുന്നുണ്ട്.

ടെലിവിഷൻ പുരസ്കാരങ്ങളിൽ ഏറ്റവും ജനപ്രിയ അവാർഡ് ഷോ ആയ എമ്മീസ് 2022ലും 'സ്ട്രേഞ്ചർ തിങ്ങ്സ്' ഇടം നേടിയിട്ടുണ്ട്. മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച കാസ്റ്റിംഗ്, മികച്ച സീരീസ്, എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലേക്കുള്ള നോമിനേഷൻ പട്ടികൽ സീരീസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Content Highlights: Stranger things fans comment on vijay song