

ഇന്ത്യൻ പ്രീമിയർ ലീഗിൽ മലയാളി സൂപ്പർ താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി അരങ്ങേറുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. രാജസ്ഥാന്‍ റോയല്‍സില്‍ ഓപ്പണര്‍ റോള്‍ കൈകാര്യം ചെയ്തിരുന്ന സഞ്ജു സിഎസ്കെയിലും ഇതേ സ്ഥാനത്ത് തന്നെയായിരിക്കും കളിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ സഞ്ജുവിനൊപ്പം ആര് ചെന്നൈ ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്ന് അറിയാനുള്ള ആകാംക്ഷയും ആരാധകർക്കുണ്ട്.
ഇപ്പോഴിതാ സഞ്ജുവിന്റെ ഓപ്പണിങ് പങ്കാളിയെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെക്കുകയാണ് ചെന്നൈയുടെയും രാജസ്ഥാന്റെയും മുൻ താരം രവിചന്ദ്രൻ അശ്വിൻ. സഞ്ജുവിനൊപ്പം ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ് ചെന്നൈയുടെ ഇന്നിങ്സ് ഓപ്പൺ ചെയ്യണമെന്നാണ് അശ്വിന്റെ അഭിപ്രായം. യുട്യൂബ് വീഡിയോയിലൂടെയാണ് ചെന്നൈയുടെ ഓപ്പണിങ് കോമ്പിനേഷനെ കുറിച്ചുള്ള അഭിപ്രായങ്ങൾ അശ്വിൻ പങ്കുവെച്ചത്.
"മികച്ച റൺസ് നേടുകയും കുറച്ചു കാലത്തേക്ക് അത് നിലനിർത്തുകയും ചെയ്യുന്നതിൽ മികച്ച പാരമ്പര്യമുള്ള താരങ്ങളാണ് റുതുരാജ് ഗെയ്ക്‌വാദും സഞ്ജു സാംസണും. അത് നമ്മൾ മറക്കരുത്. സിഎസ്കെയുടെ ഓപ്പണിംഗ് സ്ലോട്ടിൽ ഇരുവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇരുവർക്കും വ്യത്യസ്തമായ കരുത്താണുള്ളത്. ഒരാൾ പന്ത് തഴുകുന്നവനാണെങ്കിൽ മറ്റേയാൾ പന്ത് ശക്തമായി അടിക്കുന്നയാളാണ്. അതുകൊണ്ടുതന്നെ ആ രണ്ട് ഗുണങ്ങളും അവിടെയുണ്ടാവും. അതുകൊണ്ട് ചെന്നൈയ്ക്ക് രണ്ട് മികച്ച ഓപ്പണർമാരെ കിട്ടും", അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടി മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യുന്നതിനാല്‍ റുതുരാജ് ഐപിഎല്ലില്‍ മൂന്നാമതായി ബാറ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അശ്വിന്‍ പറഞ്ഞു. അപ്പോൾ സിഎസ്‌കെയ്ക്ക് ഉര്‍വില്‍ പട്ടേലിനെ ആദ്യ നാലില്‍ ഉള്‍പ്പെടുത്തുന്നത് ബുദ്ധിമുട്ടാകുമെന്നും അശ്വിൻ ചൂണ്ടിക്കാട്ടി. റുതുവും സഞ്ജുവും ഓപ്പണര്‍മാരായാല്‍ ഉര്‍വിലിന് മൂന്നാമത് ഇറങ്ങാം. ആയുഷ് മാത്രെയും വളരെ മികച്ച ഫോമിലാണ്. കഴിവുള്ള ഒരുപാട് ബാറ്റർമാര്‍ ഉള്ളതുകൊണ്ടുതന്നെ സിഎസ്‌കെയ്ക്ക് ടോപ് ഓര്‍ഡര്‍ സെലക്ഷന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. ടോപ് ഓർഡറിലെ പ്രശ്‌നം സിഎസ്കെ എങ്ങനെ പരിഹരിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Can Ruturaj Gaikwad, Sanju Samson form a strong opening pair for CSK? R Ashwin gives his take