ഇരിക്കാന്‍ കസേര പോലുമില്ല, ഞങ്ങളെ പലപ്പോഴും മാറ്റി നിര്‍ത്തുമായിരുന്നു; ബോളിവുഡിനെക്കുറിച്ച് ദുൽഖർ

'വലിയ ഫാന്‍സി കാറില്‍ വന്നിറങ്ങിയാല്‍ നിങ്ങളെ എല്ലാവരും താരമാണെന്ന് അംഗീകരിക്കും'

ഇരിക്കാന്‍ കസേര പോലുമില്ല, ഞങ്ങളെ പലപ്പോഴും മാറ്റി നിര്‍ത്തുമായിരുന്നു; ബോളിവുഡിനെക്കുറിച്ച് ദുൽഖർ
dot image

മലയാളത്തിനൊപ്പം ബോളിവുഡിലും തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ദുൽഖർ സൽമാൻ. കാർവാൻ, ചുപ്, സോയ ഫാക്ടർ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിൽ ദുൽഖർ വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് പറയുകയാണ് ദുൽഖർ. സെറ്റില്‍ തന്നെയും തന്റെ ടീമിനെയും പലപ്പോഴും മാറ്റി നിര്‍ത്തുമായിരുന്നു എന്നും ദുൽഖർ പറയുന്നു. വലിയ ഫാന്‍സി കാറില്‍ വന്നിറങ്ങിയാല്‍ മാത്രമാണ് അവർ താരങ്ങളാണെന്ന് അംഗീകരിക്കുന്നതെന്ന് ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ദുൽഖർ പറഞ്ഞു.

'ഞാന്‍ ഹിന്ദി സിനിമ ചെയ്തിരുന്ന സമയത്ത് എന്റെ കൂടെ രണ്ട് പേരായിരുന്നു ഉണ്ടായിരുന്നത്. സെറ്റില്‍ ഞങ്ങളെ പലപ്പോഴും മാറ്റി നിര്‍ത്തുമായിരുന്നു. വലിയൊരു താരമാണ് എന്ന തോന്നല്‍ പലപ്പോഴും എനിക്ക് ഉണ്ടാക്കേണ്ടി വന്നിരുന്നു. അല്ലാത്തപക്ഷം എനിക്ക് ഇരിക്കാന്‍ കസേര പോലും ലഭിക്കില്ലായിരുന്നു. മോണിറ്ററില്‍ നോക്കാന്‍ പോലും എനിക്ക് സാധിക്കില്ലായിരുന്നു. ആളുകളുടെ കാഴ്ചപ്പാടിലാണ് കാര്യം എന്ന് ഞാന്‍ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു. വലിയ ഫാന്‍സി കാറില്‍ വന്നിറങ്ങിയാല്‍ നിങ്ങളെ എല്ലാവരും താരമാണെന്ന് അംഗീകരിക്കുകയും അതനുസരിച്ച് പെരുമാറുകയും ചെയ്യും. അത് സങ്കടകരമാണ്. എന്റെ ഊര്‍ജ്ജം അങ്ങനെ നഷ്ടപ്പെടുത്താനല്ല ഞാന്‍ ആഗ്രഹിക്കുന്നത്', ദുൽഖറിന്റെ വാക്കുകൾ.

കാര്‍വാന്‍ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ഹിന്ദിയില്‍ അരങ്ങേറുന്നത്. അതേസമയം, കാന്തയാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന ദുൽഖർ ചിത്രം. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് 'കാന്ത' നിർമ്മിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം പ്രേക്ഷകരുടെ മുന്നിലെത്തിച്ച ചിത്രം കൂടിയാണ് 'കാന്ത'. നടിപ്പ് ചക്രവർത്തി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി കെ മഹാദേവൻ എന്ന നടൻ ആയി ദുൽഖർ വേഷമിട്ട ഈ ചിത്രം, 1950 കളിലെ മദ്രാസിന്റെയും തമിഴ് സിനിമയുടെയും പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്.

Content Highlights: Dulquer salmaan about Bollywood

dot image
To advertise here,contact us
dot image