സഹതടവുകാരനോട് റിപ്പർ ജയാനന്തന്റെ വെളിപ്പെടുത്തല്‍; ചുരുളഴിയുന്നത് 17 വര്‍ഷം നിശ്ചലമായിരുന്ന പോണേക്കര ഇരട്ടകൊലപാതം
പ്രായമായവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കവര്‍ച്ച നടത്തുന്ന ജയാനന്തന്റെ പതിവ് രീതിയിലായിരുന്നു പോണേക്കരയിലെ കുറ്റകൃത്യം.
27 Dec 2021 10:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

എറണാകുളം പോണേക്കരയില്‍ വൃദ്ധയേയും സഹോദരീപുത്രനേയും തലയ്ക്കടിച്ചുകൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന് അറസ്റ്റില്‍. 2004-ല്‍ നടന്ന ഇരട്ട കൊലപാതകത്തില്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിപ്പര്‍ ജയാനന്ദന് പിടിയിലായത്. മറ്റൊരു കൊലക്കേസില്‍ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ സഹതടവുകാരനോട് ഇയാള്‍ കൊലപാതകവിവരം വെളിപ്പെടുത്തുകയായിരുന്നു. കേസില്‍ കോടതിയില്‍ ഹാജരാക്കിയ ജയാനന്ദനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍വിട്ടു.
2004 മേയ് 30നാണ് പോണേക്കര റോഡില്‍ ചേന്നംകുളങ്ങര ക്ഷേത്രത്തിനു സമീപം കോശേരി ലെയിനില്‍ 'സമ്പൂര്‍ണ'യില്‍ റിട്ട. പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫിസര്‍ വി നാണിക്കുട്ടി അമ്മാള്‍ (73), സഹോദരിയുടെ മകന് ടി വി നാരായണ അയ്യര്‍ (രാജന് 60) എന്നിവര്‍ കൊല്ലപ്പെട്ടത്. 44 പവന് സ്വര്‍ണവും ഇവിടെനിന്ന് കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ റിപ്പര്‍ ജയാനന്തനിലേക്ക് എത്തിക്കുന്ന നിരവധി സൂചനകള്‍ പൊലീസിന് ലഭിച്ചിരുന്നു.
പ്രായമായവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കവര്‍ച്ച നടത്തുന്ന ജയാനന്തന്റെ പതിവ് രീതിയിലായിരുന്നു കുറ്റകൃത്യം. ആക്രമണത്തിന് ശേഷം സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. പോണേക്കര സംഭവത്തില്‍ ടി വി നാരായണനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം വയോധികയെ പ്രതി മാനഭംഗപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ഇതിന് പുറമെ പൊലീസ് നായ മണംപിടിച്ചുവരാതിരിക്കാന് പ്രദേശത്ത് മഞ്ഞള്‍പ്പൊടിയും മണ്ണെണ്ണയും ഉപയോഗിച്ചതും പൊലീസിന്റെ സംശയം ശക്തിപ്പെടുത്തിയിരുന്നു.
തുടർന്ന് പലഘട്ടങ്ങളിലായി ചോദ്യം ചെയ്തെങ്കിലും മതിയായ തെളിവുകളുടെ അഭാവത്തില്‍ ജയാനന്തന്‍ രക്ഷപ്പെടുകയായിരുന്നു. ഒടുവില്‍ പുത്തന്‍വേലിക്കരയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തതിനെ തുടര്‍ന്നു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനിടെ സഹ തടവുകാരനുമായി ഇയാള്‍ കൊലപാതകവിവരം പങ്കുവെയ്ക്കുകയായിരുന്നു. ജയിലധികൃതര്‍ ഇക്കാര്യം ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ജയിലില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ജയാനന്തന്‍ കുറ്റസമ്മതം നടത്തിയിരുന്നെങ്കിലും തെളിവുകള്‍ ശേഖരിക്കുന്നതിനായി അറസ്റ്റ് മാറ്റിവെച്ചു. തുടര്‍ന്ന് കൊലപാതക ദിവസം കുറ്റവാളിയെ കണ്ടതായി മൊഴി നല്കിയ അയല്‍വാസിയെ എത്തിച്ച് പ്രതിയെ സ്ഥിരീകരിച്ചതോടെ ഡിസംബര്‍ 24 ന് ജയാനന്തന്റെ അറസ്റ്റ് രേഖപ്പെടുത്തി.
നിലവില്‍ എട്ട് കൊലക്കേസുകളിലും 15 മോഷണക്കേസുകളും പ്രതിയാണ് റിപ്പര്‍ ജയാനന്തന്‍. 2003 മുതല്‍ 2006 വരെയുള്ള മൂന്നു വര്‍ഷത്തിനിടെയാണ് ഇയാള്‍ എട്ട് കൊലപാതകങ്ങള്‍ നടത്തിയത്. ഇതില്‍ പുത്തന്‍വേലിക്കര കൊലക്കേസിലും മാള ഇരട്ടക്കൊലക്കേസിലും വടക്കേക്കര ഏലിക്കുട്ടി കൊലക്കേസിലും ശിക്ഷിക്കപ്പെട്ടു. എല്ലാ കേസുകളിലുമുള്ള ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് പോണേക്കര കേസില്‍ അറസ്റ്റിലായത്. 2013ല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് രണ്ടുതവണ ജയില്‍ ചാടിയ കേസുകളിലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ് ഇയാളെ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്.