മോശം സമയത്തിന് കാരണം നക്ഷത്രദോഷമെന്ന് ജോത്സ്യന്; അമ്മ കുഞ്ഞിനെ പുഴയില്‍ എറിഞ്ഞ് കൊന്നു
നാല് മാസം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ സമീപത്തുള്ള പുഴയില്‍ എറിഞ്ഞത്
25 March 2022 2:57 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പളനി: തന്റെ മോശം സമയത്തിന് കാരണം കുഞ്ഞിന്റെ നക്ഷത്രദോഷമാണന്ന് ജോത്സ്യന് പറഞ്ഞതിനെ തുടര്‍ന്ന് അമ്മ മകനെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തി. പളനിയിലാണ് സംഭവം. നാല് മാസം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ സമീപത്തുള്ള പാലാര്‍ പുഴയില്‍ എറിഞ്ഞത്.
മഹേശ്വരന്-ലത ദമ്പതികളുടെ മകന് ഗോകുലാണ് കൊല്ലപ്പെട്ടത്. രണ്ടാമത്തെ മകന്റെ ജനനം മുതല്‍ തനിക്ക് സമയം മോശമായിരുന്നെന്നാണ് ലത പറയുന്നത്. ജനിച്ചപ്പോള്‍ മുതല്‍ തന്നെ കുഞ്ഞിന് ശ്വാസംമുട്ടല്‍ ഉണ്ടായിരുന്നു. തനിക്കും സ്ഥിരമായി വയറുവേദനയുണ്ടാവുന്നതായും പറഞ്ഞ ലത തുടര്‍ന്ന് ജ്യോത്സ്യനെ സമീപിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ നക്ഷത്രദോഷമാണ് മോശം സമയത്തിന് കാരണമെന്നും അത് ലതയെയും ബാധിക്കുന്നുവെന്നുമാണ് ജ്യോത്സ്യന് പറഞ്ഞത്. ഇത് കൊലപാതകത്തിലെത്തുകയായിരുന്നു.
വീട്ടില്‍ ആരും ഇല്ലാത്ത നേരം നോക്കി ലത കുട്ടിയെ സമീപത്തുള്ള പുഴയില്‍ എറിയുകയായിരുന്നു. തുടര്‍ന്ന് മകനെ കാണാതായെന്ന് പറഞ്ഞ് വീട്ടുകാരോടൊപ്പം അന്വേഷിച്ചു. പുഴയരികിലുള്ള കുറ്റിക്കാട്ടില്‍ നിന്ന് കിട്ടിയ കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ ആയില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ച് കുട്ടിയുടെ അമ്മയെയും അച്ഛനെയും ചോദ്യം ചെയ്തു. എന്നാല്‍ ലതയുടെ മറുപടിയില്‍ പൊരുത്തക്കേടുകള്‍ തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
STORY HIGHLIGHTS: mother killed infant baby due to superstitious beliefs
- TAGS:
- Death
- Infant baby
- Astrologer