ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ വീണ്ടും ചർച്ചയായി പാകിസ്താൻ ടീമിലെ താരങ്ങൾ തമ്മിലുള്ള അസ്വസ്ഥതകൾ. സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്ന ഒരു വീഡിയോയിൽ പാകിസ്താൻ നായകൻ ഷാൻ മസൂദ് പേസർ ഷഹീൻ ഷാ അഫ്രീദിയുടെ തോളിൽ കൈവെച്ച് സംസാരിക്കുകയാണ്. എന്നാൽ തന്റെ തോളിൽ നിന്ന് മസൂദിന്റെ കൈ തട്ടി മാറ്റുകയാണ് അഫ്രീദി.
കഴിഞ്ഞ വർഷമാണ് ബാബർ അസമിന് പകരക്കാരനായി ഷാൻ മസൂദ് പാകിസ്താൻ ടെസ്റ്റ് ടീമിന്റെ നായകനായത്. എന്നാൽ ഇതുവരെ മസൂദിന് കീഴിൽ കളിച്ച നാല് ടെസ്റ്റുകളും പാകിസ്താൻ ടീം പരാജയപ്പെട്ടു. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റ് സ്വന്തം നാട്ടിൽ പരാജയപ്പെട്ടതോടെ ഷാൻ മസൂദിന്റെ നായകസ്ഥാനത്തിനെതിരെ കടുത്ത വിമർശനം നേരിടുകയാണ്. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ പാക്കിസ്ഥാൻ ഡിക്ലയർ ചെയ്ത തീരുമാനവും വിവാദമായിരുന്നു.
ബംഗ്ലാദേശിനെതിരെ പാകിസ്താൻ ആദ്യ ഇന്നിംഗ്സിൽ ആറിന് 448 എന്ന സ്കോർ നേടിയാണ് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്. ഈ സ്കോറിന് മറുപടി നൽകിയ ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സിൽ 565 റൺസ് നേടി. രണ്ടാം ഇന്നിംഗ്സിൽ പാകിസ്താൻ വെറും 146 റൺസിൽ ഓൾ ഔട്ടായി. ഇതോടെ വിജയലക്ഷ്യമായ 30 റൺസ് വിക്കറ്റ് നഷ്ടം കൂടാതെ ബംഗ്ലാദേശ് മറികടന്നു.