'നിരാശരാവരുത്, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു'; ഹൈദരാബാദ് താരങ്ങളെ ആശ്വസിപ്പിച്ച് കാവ്യ മാരന്‍

ഫൈനലില്‍ ഹൈദരാബാദ് പരാജയപ്പെട്ടപ്പോള്‍ ഗ്യാലറിയിലിരുന്ന് കണ്ണീരണിയുന്ന കാവ്യയുടെ ദൃശ്യങ്ങള്‍ സമൂഹങ്ങളില്‍ തരംഗമായിരുന്നു
'നിരാശരാവരുത്, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു'; ഹൈദരാബാദ് താരങ്ങളെ ആശ്വസിപ്പിച്ച് കാവ്യ മാരന്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കലാശപ്പോരില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഹൈദരാബാദ് താരങ്ങളെ ആശ്വസിപ്പിച്ച് ടീം ഉടമ കാവ്യ മാരന്‍. മത്സരശേഷം ഡ്രെസിംഗ് റൂമിലെത്തി താരങ്ങളെയും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളെയും അഭിനന്ദിക്കുകയും ആശ്വസിക്കുകയും ചെയ്യുന്ന കാവ്യയുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ടി20 ക്രിക്കറ്റിനെ പുനര്‍നിര്‍വ്വചിച്ചവരാണ് ഹൈദരാബാദ് താരങ്ങളെന്നും നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുകയും ചെയ്യുന്നുവെന്നും കാവ്യ പറഞ്ഞു.

'നിങ്ങളെയോര്‍ത്ത് ഒരുപാട് അഭിമാനമുണ്ട്. ഞാനിവിടേയ്ക്ക് വന്നത് ഇക്കാര്യം പറയാനാണ്. ടി20 ക്രിക്കറ്റിനെത്തന്നെ നമ്മള്‍ പുനര്‍നിര്‍വ്വചിച്ചു. എല്ലാവരും സംസാരിക്കുന്നത് നമ്മളെക്കുറിച്ചാണ്. ഇന്നത്തെ ദിവസം നമ്മുടേത് ആയിരുന്നില്ല. പക്ഷേ മികച്ച പ്രകടനമാണ് നിങ്ങള്‍ നടത്തിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും നമ്മള്‍ മികച്ചുനിന്നു', കാവ്യ പറഞ്ഞു.

'കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്താണ് ഹൈദരാബാദ് ഫിനിഷ് ചെയ്തത്. എന്നാല്‍ ഒരുപാട് ആരാധകര്‍ നമ്മുടെ കൂടെ നിന്നത് നിങ്ങളുടെ കരുത്ത് അറിയാവുന്നതുകൊണ്ടാണ്. കൊല്‍ക്കത്ത വിജയിച്ചിട്ടുപോലും എല്ലാവരും ഹൈദരാബാദിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ടൂര്‍ണമെന്റില്‍ നമ്മള്‍ കളിച്ച രീതിയെക്കുറിച്ച് ഇനിയും ആളുകള്‍ സംസാരിക്കുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്', കാവ്യ വ്യക്തമാക്കി.

'ആരും ഇങ്ങനെ നിരാശരായി ഇരിക്കരുത്. നമ്മള്‍ ഫൈനലാണ് കളിച്ചത്. മറ്റേത് മത്സരം പോലെയല്ല ഇത്. കാരണം മറ്റെല്ലാ ടീമുകളും ഇന്നത്തെ രാത്രി നമ്മള്‍ കളിക്കുന്നതാണ് കണ്ടുകൊണ്ടിരുന്നത്. എല്ലാവരോടും നന്ദിയുണ്ട്. നമ്മള്‍ വീണ്ടും കണ്ടുമുട്ടും', കാവ്യ കൂട്ടിച്ചേര്‍ത്തു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ എല്ലാ മത്സരങ്ങളിലും ഗ്യാലറിയിലെ സ്ഥിരസാന്നിധ്യമാണ് കാവ്യ മാരന്‍. ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കാലിടറി വീണപ്പോള്‍ ഗ്യാലറിയിലിരുന്ന് കണ്ണീരണിയുന്ന കാവ്യയുടെ ദൃശ്യങ്ങള്‍ സമൂഹങ്ങളില്‍ തരംഗമായിരുന്നു. ഈ സമയത്തും സണ്‍റൈസേഴ്‌സ് ഉടമ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അഭിനന്ദിക്കുന്നതായി ആരാധകര്‍ ചൂണ്ടിക്കാട്ടി. ഐപിഎല്‍ ക്യാമറാ സംഘത്തില്‍ നിന്നും കാവ്യ മറഞ്ഞിരുന്നു. എങ്കിലും ആരാധകര്‍ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഐപിഎല്ലിന്റെ കലാശപ്പോരില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോടാണ് സണ്‍റൈസേഴ്സിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് 113 റണ്‍സ് മാത്രമെ നേടാന്‍ കഴിഞ്ഞുള്ളൂ. മറുപടി പറഞ്ഞ കൊല്‍ക്കത്ത അനായാസം ലക്ഷ്യത്തിലെത്തി. 10.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ലക്ഷ്യത്തിലെത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com