
രാജ്കോട്ട്: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില് ഇന്ത്യക്ക് 353 റണ്സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 352 റണ്സ് നേടി. തകര്ത്തടിച്ച ഓസീസ് മുന്നിര ബാറ്റര്മാര് ഇന്ത്യന് ബൗളര്മാരെ തലങ്ങും വിലങ്ങും പായിക്കുന്ന കാഴ്ചയായിരുന്നു രാജ്കോട്ടില് കണ്ടത്. ഓസീസ് നിരയില് ഡേവിഡ് വാര്ണര്, മിച്ചല് മാര്ഷ്, സ്റ്റീവ് സ്മിത്ത്, മാര്നസ് ലബുഷെയ്ന് എന്നിവരെല്ലാം അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുമ്ര മൂന്നും കുല്ദീപ് യാദവും രണ്ടും വിക്കറ്റുകള് വീതം വീഴ്ത്തി.
ഓപ്പണര്മാരായ ഡേവിഡ് വാര്ണറും മിച്ചല് മാര്ഷുമാണ് വെടിക്കെട്ട് പ്രകടനത്തിന് തുടക്കം കുറിച്ചത്. 34 പന്തുകളില് നിന്ന് 56 റണ്സെടുത്താണ് വാര്ണര് മടങ്ങിയത്. ആറ് തവണ ബൗണ്ടറി പായിച്ച വാര്ണര് നാല് സിക്സും നേടി. തകര്ത്തടിച്ച വാര്ണറെ എട്ടാം ഓവറിലെ ആദ്യ പന്തില് പുറത്താക്കി പ്രസിദ്ധ് കൃഷ്ണയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കിയത്. കെ എല് രാഹുലിനായിരുന്നു ക്യാച്ച്. സഹ ഓപ്പണറായ മിച്ചല് മാര്ഷ് തകര്പ്പന് ബാറ്റിങ് തുടങ്ങിയതോടെയാണ് ഓസീസ് സ്കോര് കുതിച്ചുയര്ന്നത്. വണ് ഡൗണായി ഇറങ്ങിയ സ്റ്റീവ് സ്മിത്തിനെയും കൂട്ടുപിടിച്ച് സ്കോര് ബോര്ഡ് ചലിപ്പിക്കുകയായിരുന്ന മാര്ഷ് സെഞ്ച്വറിക്ക് തൊട്ടരികെയാണ് വീണത്. 84 പന്തില് നിന്ന് 96 റണ്സ് എടുത്ത മാര്ഷിനെ കുല്ദീപ് യാദവ് പ്രസിദ്ധ് കൃഷ്ണയുടെ കൈകളിലെത്തിച്ചു. 13 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഓസീസിന്റെ സ്കോര് 215ല് എത്തിച്ചാണ് 27-ാം ഓവറിലെ അവസാന പന്തിൽ മാര്ഷ് പുറത്താവുന്നത്. മാര്ഷിന് പകരക്കാരനായി മാര്നസ് ലബുഷെയ്ന് ആണ് ഇറങ്ങിയത്.
വാര്ണറിന് പിന്നാലെ ക്രീസിലെത്തിയ സ്റ്റീവ് സ്മിത്തും തകര്പ്പന് ഫോമിലായിരുന്നു. മത്സരത്തില് സ്മിത്തും അര്ധ സെഞ്ച്വറി സ്വന്തമാക്കി. 61 പന്തില് 74 റണ്സ് നേടിയ സ്മിത്ത് വിക്കറ്റിന് മുന്നില് കുടുങ്ങുകയായിരുന്നു. എട്ട് ബൗണ്ടറികളും ഒരു സിക്സും നേടി തകര്പ്പന് പ്രകടനം കാഴ്ച വെച്ച സ്മിത്തിനെ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. പിന്നാലെയിറങ്ങിയ വിക്കറ്റ് കീപ്പര് ബാറ്റര് അലെക്സ് കാരിയ്ക്കും ഗ്ലെന് മാക്സ്വെല്ലിനും തിളങ്ങാനായില്ല. 19 പന്തില് 11 റണ്സ് നേടിയ കാരിയെ ബുമ്ര വിരാട് കോഹ്ലിയുടെ കൈകളിലെത്തിച്ചു. ഏഴ് പന്തില് അഞ്ച് റണ്സ് മാത്രം നേടിയ മാക്സ്വെല്ലിനെ ബുമ്ര കൂടാരം കയറ്റി. 13 പന്തില് ഒന്പത് റണ്സ് നേടിയ കാമെറോണ് ഗ്രീനിനെ കുല്ദീപ് യാദവും പുറത്താക്കി. മറുവശത്ത് വിക്കറ്റുകള് വീണുകൊണ്ടേയിരിക്കുമ്പോഴും നാലാമനായി ക്രീസീലിറങ്ങിയ ലബുഷെയ്ന് ക്രിസീലുറച്ചു. 58 പന്തില് ഒന്പത് ഫോറടക്കം 72 റണ്സ് നേടിയ ലബുഷെയ്നെ ബുമ്രയാണ് പുറത്താക്കിയത്. 48-ാം ഓവറിലെ അവസാന പന്തില് ലബുഷെയ്ന് പുറത്താവുമ്പോള് ടീം സ്കോര് 345 എത്തിയിരുന്നു. 22 പന്തില് 19 റണ്സ് നേടിയ ക്യാപ്റ്റന് പാറ്റ് കമ്മിന്സും ഒരു റണ്സുമായി മിച്ചല് സ്റ്റാര്ക്കും പുറത്താവാതെ നിന്നു.