
ന്യൂഡല്ഹി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ നാളെയും വിജയിച്ചാല് ഏകദിന പരമ്പര 3-0ത്തിന് തൂത്തുവാരാം. രാജ്കോട്ടില് നടക്കുന്ന മൂന്നാം ഏകദിന മത്സരവും വിജയിച്ചാല് ഇന്ത്യയെ ഒരു ചരിത്രനേട്ടവും കാത്തിരിക്കുന്നുണ്ട്.
ചരിത്രത്തില് ഒരിക്കല് പോലും ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ഒരു പരമ്പര തൂത്തുവാരിയിട്ടില്ല. മാത്രവുമല്ല, ഇന്ത്യക്കെതിരെ ഒരു പരമ്പരയിലും വൈറ്റ്വാഷ് വിജയം സ്വന്തമാക്കാന് ഓസ്ട്രേലിയക്കും സാധിച്ചിട്ടില്ല. നാളെ നടക്കുന്ന മത്സരം കൂടി വിജയിച്ചാല് ഓസ്ട്രേലിയയക്കെതിരെ ഇന്ത്യയ്ക്ക് ഒരു പരമ്പരയും തൂത്തുവാരാന് കഴിഞ്ഞിട്ടില്ലെന്ന ചരിത്രം തിരുത്തിയെഴുതപ്പെടും. ചരിത്രവിജയത്തോടെ ലോകകപ്പിന് സ്വന്തം മണ്ണിലിറങ്ങാനാകും രോഹിത് ശര്മ്മയും സംഘവും നാളെ രാജ്കോട്ടിലിറങ്ങുക. അതേസമയം ഇന്ത്യക്കെതിരെ അവസാന മത്സരത്തില് ആശ്വാസ വിജയമെങ്കിലും നേടി ലോകകപ്പിന് മുന്പേ ആത്മവിശ്വാസം വീണ്ടെടുക്കാന് ഓസീസ് ടീമും ഇറങ്ങും.
ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് രാജ്കോട്ട് സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിന മത്സരം. മൊഹാലിയില് നടന്ന ആദ്യ ഏകദിന മത്സരത്തില് അഞ്ച് വിക്കറ്റിനും ഇന്ഡോറില് നടന്ന രണ്ടാം ഏകദിന മത്സരത്തില് 99 റണ്സിനുമായിരുന്നു ഇന്ത്യയുടെ വിജയം. ക്യാപ്റ്റന് രോഹിത് ശര്മ്മ, വിരാട് കോഹ്ലി, ഹാര്ദിക് പാണ്ഡ്യ തുടങ്ങിയ സീനിയര് താരങ്ങള്ക്കെല്ലാം വിശ്രമം അനുവദിച്ച ആദ്യ രണ്ട് മത്സരങ്ങളും വിജയിക്കാനായി എന്നത് ഇന്ത്യയുടെ ആത്മവിശ്വാസം വര്ധിപ്പിച്ചിട്ടുണ്ട്. മൂന്നാം ഏകദിന മത്സരത്തില് സീനിയര് താരങ്ങളെല്ലാം ഇന്ത്യന് ടീമിലേക്ക് തിരിച്ചെത്തും.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക