
ഇൻഡോർ: ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. ടോസ് നേടിയ ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു. ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിന്റെ തീരുമാനം തെറ്റെന്ന് തെളിയിച്ചായിരുന്നു ഇന്ത്യൻ മുന്നേറ്റം. തുടക്കത്തിൽ റുത്രാജ് ഗെയ്ക്ക്വാദിനെ പുറത്താക്കി ഓസ്ട്രേലിയ നേട്ടമുണ്ടാക്കി. എട്ട് റൺസെടുത്ത ഗെയ്ക്ക്വാദിനെ ഹേസൽവുഡാണ് പുറത്താക്കിയത്.
മൂന്നാമനായി എത്തിയ ശ്രേയസ് അയ്യർ തകർത്തടിക്കാൻ തുടങ്ങി. മെല്ലെ തുടങ്ങിയ ശേഷമാണ് ശുഭ്മാൻ ഗിൽ അപകടകാരിയായത്. പിന്നാലെ ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറി. ആദ്യം സെഞ്ചുറി പിന്നിട്ടത് ശ്രേയസ് അയ്യർ ആണ്. 86 പന്തുകളിൽ നിന്നായിരുന്നു നേട്ടം. 90 പന്തിൽ 105 റൺസെടുത്ത ശ്രേയസ് അയ്യർ പുറത്തായി. സീൻ അബോട്ടിനാണ് വിക്കറ്റ്. ഗില്ലും ശ്രേയസും ചേർന്ന രണ്ടാം വിക്കറ്റിൽ 200 റൺസ് കൂട്ടിച്ചേർത്തു. 92 പന്തിൽ ഗിൽ സെഞ്ചുറി തികച്ചു. 97 പന്തിൽ 104 റൺസെടുത്താണ് ഗിൽ പുറത്തായത്. കാമറൂൺ ഗ്രീനിനാണ് വിക്കറ്റ്.
രണ്ട് പുതിയ താരങ്ങൾ ക്രീസിലെത്തിയതോടെ റൺഒഴുക്ക് കുറയുമെന്ന് ഓസീസ് പ്രതീക്ഷിച്ചു. പക്ഷേ ആദ്യം മുതൽ അക്രമിച്ച് കളിക്കാനായിരുന്നു കെ എൽ രാഹുലും ഇഷാൻ കിഷാനും ശ്രമിച്ചത്. കിഷാൻ 31 റൺസെടുത്ത് പുറത്തായി. 52 റൺസായിരുന്നു ഇന്ത്യൻ നായകൻ കെ എൽ രാഹുലിന്റെ സംഭാവന. ആറാമനായി എത്തിയ സൂര്യകുമാർ യാദവും വെടിക്കെട്ട് തുടർന്നു. 50 ഓവർ അവസാനിക്കുമ്പോൾ ഇന്ത്യ 5 വിക്കറ്റിന് 399 റൺസെടുത്തു. സൂര്യകുമാർ യാദവ് 72 റൺസോടെയും രവീന്ദ്ര ജഡേജ 13 റൺസോടെയും പുറത്താകാതെ നിന്നു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക