
ഇൻഡോർ: ഒക്ടോബർ എട്ടിന് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ ലോകകപ്പ് പോരാട്ടത്തിൽ ഓസ്ട്രേലിയയെ നേരിടാൻ ഇന്ത്യ തയ്യാർ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ഫോമിലാണ് നീലപ്പട. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ 99 റൺസിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. ഏകദിന ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരായ ഏറ്റവും ഉയർന്ന സ്കോർ നേടാനും ഇന്ത്യയ്ക്ക് കഴിഞ്ഞു.
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. റുത്രാജ് ഗെയ്ക്ക്വാദിനെ പുറത്താക്കി ഓസീസ് ഞെട്ടിച്ചു. എട്ട് റൺസെടുത്ത ഗെയ്ക്ക്വാദ് ഹേസൽവുഡിന്റെ പുറത്തേയ്ക്ക് പോയ പന്തിൽ ഔട്ട് സൈഡ് എഡ്ജിലൂടെ അലക്സ് ക്യാരിയുടെ കൈകളിൽ അവസാനിച്ചു. മൂന്നാമനായി എത്തിയ ശ്രേയസ് അയ്യർ തകർത്തടിക്കാൻ തുടങ്ങി. മെല്ലെ തുടങ്ങിയ ശേഷമാണ് ശുഭ്മാൻ ഗിൽ അപകടകാരിയായത്. പിന്നാലെ ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറി.
ആദ്യം സെഞ്ചുറി പിന്നിട്ടത് ശ്രേയസ് അയ്യർ ആണ്. 86 പന്തുകളിൽ നിന്നായിരുന്നു സെഞ്ചുറി നേട്ടം. 90 പന്തിൽ 105 റൺസെടുത്ത ശ്രേയസ് അയ്യർ പുറത്തായി. സീൻ അബോട്ടിനെ ഉയർത്തി അടിക്കാനുള്ള ശ്രമം എഡ്ജിന് വഴിമാറി. മിഡ് വിക്കറ്റിൽ മാത്യൂ ഷോർട്ട് അയ്യരിനെ പിടികൂടി. ഗില്ലും ശ്രേയസും ചേർന്ന രണ്ടാം വിക്കറ്റിൽ 200 റൺസ് കൂട്ടിച്ചേർത്തു. 92 പന്തിൽ ഗിൽ സെഞ്ചുറി തികച്ചു. 97 പന്തിൽ 104 റൺസെടുത്താണ് ഗിൽ പുറത്തായത്. കാമറൂൺ ഗ്രീൻ ഇന്ത്യൻ ഓപ്പണറെ അലക്സ് ക്യാരിയുടെ കൈകളിലെത്തിച്ചു.
രണ്ട് പുതിയ താരങ്ങൾ ക്രീസിലെത്തിയതോടെ റൺഒഴുക്ക് കുറയുമെന്ന് ഓസീസ് പ്രതീക്ഷിച്ചു. പക്ഷേ ആദ്യം മുതൽ അക്രമിച്ച് കളിക്കാനായിരുന്നു കെ എൽ രാഹുലും ഇഷാൻ കിഷാനും ശ്രമിച്ചത്. കിഷാൻ 31 റൺസെടുത്ത് പുറത്തായി. 52 റൺസായിരുന്നു ഇന്ത്യൻ നായകൻ കെ എൽ രാഹുലിന്റെ സംഭാവന. ആറാമനായി എത്തിയ സൂര്യകുമാർ യാദവും വെടിക്കെട്ട് തുടർന്നു. 50 ഓവർ അവസാനിക്കുമ്പോൾ ഇന്ത്യ 5 വിക്കറ്റിന് 399 റൺസെടുത്തു. സൂര്യകുമാർ യാദവ് 72 റൺസെടുത്തും രവീന്ദ്ര ജഡേജ 13 റൺസുമായും പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയയ്ക്ക് തുടക്കം മുതൽ വിക്കറ്റുകൾ നഷ്ടമായി. മാത്യു ഷോർട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പുറത്താക്കി പ്രസീദ് കൃഷ്ണയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഇരുവരും പുറത്താകുമ്പോൾ സ്കോർബോർഡിൽ ഒമ്പത് റൺസ് മാത്രം. ഇടയ്ക്ക് മഴ പെയ്തതോടെ ഓസ്ട്രേലിയൻ ലക്ഷ്യം 33 ഓവറിൽ 317 റൺസായി പുഃനർനിർണയിച്ചു.
മൂന്നാം വിക്കറ്റിൽ മാർനസ് ലബുഷെയ്നും ഡേവിഡ് വാർണറും പ്രതീക്ഷ നൽകി. ഇരുവരും ചേർന്ന മൂന്നാം വിക്കറ്റിൽ 80 റൺസ് കൂട്ടിച്ചേർത്തു. ലബുഷെയ്ൻ പുറത്തായതോടെ വിക്കറ്റ് വീഴ്ച വേഗത്തിലായി. തൊട്ടുപിന്നാലെ 53 റൺസെടുത്ത് ഡേവിഡ് വാർണർ പുറത്തായി. 89ന് 2ൽ നിന്ന് ഓസ്ട്രേലിയ 140ന് 8 എന്ന നിലയിലേക്ക് തകർന്നു. അവസാന നിമിഷം സീൻ അബോട്ടിന്റെ വെടിക്കെട്ട് ഇന്ത്യൻ ജയം വൈകിച്ചു. അബോട്ട് 54 റൺസെടുത്തു. 28.2 ഓവറിൽ അവസാന വിക്കറ്റായാണ് അബോട്ട് പുറത്തായത്.