ത്രില്ലറിനൊടുവിൽ സിംഹളവീര്യം; ഏഷ്യാ കപ്പിൽ ഇന്ത്യ - ശ്രീലങ്ക ഫൈനൽ

ത്രില്ലറിനൊടുവിൽ സിംഹളവീര്യം; ഏഷ്യാ കപ്പിൽ ഇന്ത്യ - ശ്രീലങ്ക ഫൈനൽ

ആദ്യം 45 ഓവറാക്കിയും പിന്നീട് 42 ഓവറാക്കിയും മത്സരം ചുരുക്കി

കൊളംബോ: ഏഷ്യാ കപ്പിന്റെ ഫൈനലിൽ ഇന്ത്യ ശ്രീലങ്ക പോരാട്ടം. നിർണായക മത്സരത്തിൽ രണ്ട് വിക്കറ്റിന് തോറ്റ് പാകിസ്ഥാന്‍ പുറത്തായി. അവസാന പന്ത് വരെ നീണ്ടുനിന്ന ത്രില്ലറിനൊടുവിലാണ് ലങ്കൻ ജയം. മഴമൂലം വൈകിയ മത്സരം 45 ഓവറാക്കി ചുരുക്കിയാണ് തുടങ്ങിയത്. ഫഖര്‍ സമാനെ തുടക്കത്തിൽ തന്നെ പാകിസ്താന് നഷ്ടമായി. അബ്ദുള്ള ഷെഫീക്കും ബാബർ അസമും മുഹമ്മദ് റിസ്വാനും സ്കോർബോർഡ് മുന്നോട്ട് നീക്കി. ഷെഫീക്ക് 52ഉം അസം 29ഉം റൺസെടുത്തു.

27.4 ഓവറിൽ 5ന് 130 റൺസിൽ നിൽക്കെ വീണ്ടും മഴയെത്തി. പിന്നാലെ മത്സരം 42 ഓവറാക്കി ചുരുക്കി. പിന്നീട് ട്വന്റി20 ശൈലിയിൽ പാകിസ്താൻ അടിച്ചുതകർത്തു. അവസാനം വരെ പോരാടി നിന്ന മുഹമ്മദ് റിസ്വാൻ 86 പുറത്താകാതെ നിന്നു. ഇഫ്തിക്കർ അഹമ്മദിന്റെ 47 കൂടി ആയപ്പോൾ പാകിസ്താൻ മോശമല്ലാത്ത സ്കോറിലെത്തി. 42 ഓവർ പൂർത്തിയാകുമ്പോൾ പാകിസ്താൻ 7ന് 252 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കയുടെ ലക്ഷ്യം 42 ഓവറിൽ 252 റൺസായി പുനഃക്രമീകരിച്ചു. തുടക്കം മുതൽ വേ​ഗത്തിൽ റൺസ് കണ്ടെത്തുന്നതിനാണ് ശ്രീലങ്ക ശ്രദ്ധിച്ചത്. വിക്കറ്റ് വീഴുമ്പോഴും റൺറേറ്റ് കുറയാതിരിക്കാൻ ശ്രീലങ്ക ശ്രദ്ധിച്ചു. കുശൽ മെൻഡിൻസും 91ഉം സദീര സമരവിക്രമ 48ഉം റൺസെടുത്തു. 35.1 ഓവറിൽ ലങ്കൻ സ്കോർ 210ൽ നിൽക്കെയാണ് മെൻഡിൻസ് പുറത്താകുന്നത്. അതുവരെ ലങ്കയുടെ കൈയിലായിരുന്ന മത്സരം വഴുതിതുടങ്ങി. തുടർച്ചയായി വിക്കറ്റുകൾ വീണു. പക്ഷേ ഒരുവശത്ത് ചരിത് അസലങ്ക ഉറച്ചുനിന്നു. അവസാന ഓവറിൽ ഏട്ട് റൺസായിരുന്നു ലങ്കയ്ക്ക് വേണ്ടിയിരുന്നത്. അസലങ്കയുടെ പോരാട്ടത്തിൽ പാകിസ്താനിൽ നിന്നും മത്സരം പിടിച്ചെടുത്ത് ശ്രീലങ്ക ഫൈനലിലേക്ക്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com