
ബ്ലൂംഫോണ്ടെയ്ൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് ആവേശ ജയം. തോൽവിയെ നേർക്കുനേർ കണ്ട ശേഷമാണ് ഓസ്ട്രേലിയയുടെ അപ്രതീക്ഷിത തിരിച്ചുവരവ്. ലോകകപ്പ് ടീമിലേക്ക് തന്നെ തിരഞ്ഞെടുക്കാത്തതിന് മാർനസ് ലബുഷെയ്ൻ ബാറ്റുകൊണ്ട് മറുപടി പറഞ്ഞു. ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബോവ്മയുടെ ഒറ്റയാൾ പോരാട്ടം പാഴായി.
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയച്ചു. ഓസീസ് ബൗളർമാരുടെ കൃത്യതയ്ക്ക് മുന്നിൽ റൺസ് എടുക്കാൻ കഴിയാതെ ദക്ഷിണാഫ്രിക്ക വിഷമിച്ചു. പവർ പ്ലേയിൽ നേടാനായത് ഒരു വിക്കറ്റിന് 25 റൺസ് മാത്രം. കൃത്യമായ ഇടവേളകളിൽ ഓസീസ് ബൗളർമാർ വിക്കറ്റ് വീഴ്ത്തി. 100 റൺസിനിടെ അഞ്ച് ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഡ്രസ്സിങ് റൂമിൽ മടങ്ങിയെത്തി. ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബോവ്മയുടെ ഒറ്റയാൾ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ 200 കടത്തിയത്. മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ നായകൻ തന്റെ അഞ്ചാം അന്താരാഷ്ട്ര സെഞ്ചുറി പൂർത്തിയാക്കി. 142 പന്തിൽ 14 ഫോറും ഒരു സിക്സും സഹിതം 114 റൺസെടുത്ത ബോവ്മ പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ ഓസീസ് താരങ്ങൾ വിക്കറ്റ് വലിച്ചെറിഞ്ഞു. 113 റൺസ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകൾ ഓസീസ് നഷ്ടപ്പെടുത്തി. ട്വന്റി ട്വന്റി ശൈലിയിൽ ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് മികച്ച റൺറേറ്റ് ഉണ്ടായിരുന്നു. എട്ടാം വിക്കറ്റിൽ ലബുഷെയ്നൊപ്പം അഷ്ടൺ അഗർ എത്തിയതോടെ ഓസീസ് മുന്നേറി. പിരിയാത്ത എട്ടാം വിക്കറ്റിൽ 112 റൺസ് കൂട്ടിച്ചേർത്തു. ലബുഷെയ്ൻ 80ഉം അഗർ 48ഉം റൺസെടുത്തു പുറത്താകാതെ നിന്നു. 40.2 ഓവറിൽ ഓസ്ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് ജയം.